ernakulam local

ജോസഫ് വാഴയ്ക്കന്‍ മണ്ഡലം മാറുന്നുവെന്ന പ്രചാരണം സജീവചര്‍ച്ചയാവുന്നു

മൂവാറ്റുപുഴ: തിരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്ന് ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ മണ്ഡലം മാറുന്നുവെന്ന പ്രചാരണം യുഡിഎഫിലും കോണ്‍ഗ്രസ്സിലും സജീവചര്‍ച്ചയാവുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴയില്‍നിന്നും വിജയിച്ച ജോസഫ് വാഴയ്ക്കന്‍ അടുത്തനിയമസഭയില്‍ കോട്ടയം ജില്ലയിലേക്ക് കളം മാറ്റുന്നതായ ചര്‍ച്ചകളാണ് കൂടുതല്‍ സജീവമായിരിക്കുന്നത്. പകരം മൂവാറ്റുപുഴ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ ഫ്രാന്‍സിസ് ജോര്‍ജിന് കൊടുക്കാനാണ് ധാരണയായിരിക്കുന്നതെന്നാണ് സൂചന.
മൂവാറ്റുപുഴയില്‍ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസഫ് വാഴയ്ക്കന്‍ സിപിഐയിലെ ബാബു പോളിനെ പരാജയപ്പെടുത്തിയത്. നിയമസഭാ ലീഡ് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിലനിര്‍ത്തിയത് ജോസഫ് വാഴയ്ക്കന്റെ വികസന നേട്ടമാണെന്നാണ് എംഎല്‍എ അവകാശപ്പെട്ടിരുന്നത്. ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജ് അരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് മൂവാറ്റുപുഴ മണ്ഡലത്തില്‍ ലീഡ് നേടുകയായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 3800ഓളം വോട്ടുകളുടെ ലീഡാണ് ഇടതുമുന്നണിക്കു മൂവാറ്റുപുഴയില്‍ ലഭിച്ചിരിക്കുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിലും യുഡിഎഫ് ലീഡ് നിലനിര്‍ത്തിയപ്പോള്‍ ഇപ്പോഴത്തെ തിരിച്ചടിയാണ് എംഎല്‍എയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ്സിലെയും യുഡിഎഫിലെയും ഒരു വിഭാഗം പറയുന്നത്. മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ക്കും എംഎല്‍എയുടെ നിലപാടിനെക്കുറിച്ച് വ്യക്തതയില്ലത്രെ.
മൂവാറ്റുപുഴയുടെ വികസനനായകന്‍ എന്ന് എംഎല്‍എയെ വ്യാപകമായി ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍നിന്നു വിരുദ്ധമായി എംഎല്‍എയുടെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിച്ചത് ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
മൂവാറ്റുപുഴ ബ്ലോക്കിലെ എട്ടുപഞ്ചായത്തുകളും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പക്ഷത്തായിരുന്നെങ്കില്‍ ഇത്തവണ നാലു പഞ്ചായത്തുകള്‍ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് മുന്നില്‍കണ്ടാണത്രെ എംഎല്‍എയുടെ മണ്ഡലമാറ്റത്തിനുള്ള നീക്കം.
മണ്ഡലം മാറ്റ നീക്കം വിവാദമായതോടെ എംഎല്‍എ സംഭവം നിഷേധിച്ചു രംഗത്തുവരികയും ചെയ്‌തെങ്കിലും യുഡിഎഫ് നേതാക്കള്‍ ഇതേക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ തയ്യാറാവാത്തത് ദുരൂഹതയുണര്‍ത്തുകയാണ്. ഇന്നലെ വൈകീട്ട് ടിബിയില്‍ ചേര്‍ന്ന യുഡിഎഫ് ഏകോപനസമിതി യോഗത്തിലും എംഎല്‍എയുടെ സ്ഥലമാറ്റം സജീവ ചര്‍ച്ചയായതായാണ് അറിയുന്നത്.
യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വീനറായ ജോസഫ് വാഴയ്ക്കന്‍ ചങ്ങനാശ്ശേരി മണ്ഡലത്തിലേക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മാറാനാണ് അണിയറനീക്കം നടക്കുന്നതെന്നാണ് ഇതുസംബന്ധിച്ചുള്ള പ്രതികരണങ്ങള്‍ നല്‍കുന്നത്. നേരത്തെ കാഞ്ഞിരപ്പള്ളിയില്‍ മല്‍സരിച്ചെങ്കിലും വാഴയ്ക്കന്‍ പരാജയപ്പെട്ടിരുന്നു. കോട്ടയം രാമപുരം സ്വദേശിയായ വാഴയ്ക്കന്‍ മൂവാറ്റുപുഴയില്‍ മല്‍സരിക്കാനെത്തിയപ്പോള്‍ അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മറ്റു സ്ഥലത്തുനിന്നായിരിക്കും ജനവിധി തേടുകയെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. അത് ശരിവയ്ക്കുന്നതരത്തിലുള്ള പ്രചാരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it