ജോസഫ് പുലിക്കുന്നേല്‍ അന്തരിച്ചു

കോട്ടയം: കത്തോലിക്കാ സഭയിലെ പൗരോഹിത്യത്തിന്റെ അപ്രമാദിത്വത്തെ വെല്ലുവിളിച്ച് സഭാധികാരത്തിനെതിരേ എഴുതുകയും പോരാടുകയും ചെയ്ത ജോസഫ് പുലിക്കുന്നേല്‍ (85) അന്തരിച്ചു. കോട്ടയം ഭരണങ്ങാനത്തെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 3.45നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് രാവിലെ 11നു വീട്ടുവളപ്പില്‍. ഇടമറ്റം പുലിക്കുന്നേല്‍ കുടുംബത്തില്‍ മിഖായേല്‍ സ്‌കറിയയുടെയും എലിസബത്തിന്റെയും മകനായി 1932 ഏപ്രില്‍ 14നായിരുന്നു ജനനം. പ്രഗല്‍ഭനായ പ്രസംഗകന്‍, ചിന്തകന്‍, എഴുത്തുകാരന്‍, രാഷ്ട്രീയക്കാരന്‍, അധ്യാപകന്‍ തുടങ്ങി മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം വിടവാങ്ങുന്നത്. മദ്രാസില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ ഓണേഴ്‌സ് ബിരുദം നേടിയ ജോസഫ് പുലിക്കുന്നേല്‍ 1960ല്‍ കോഴിക്കോട് ഡിസിസി എക്‌സിക്യൂട്ടീവിലും 62ല്‍ കെപിസിസിയിലും അംഗമായി. 1964ല്‍ കേരളാ കോണ്‍ഗ്രസ് സ്ഥാപകനേതാക്കളില്‍ ഒരാളായി ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കൊപ്പം ആദ്യ സമ്മേളനം നിയന്ത്രിച്ചു. 1965ല്‍ കല്‍പ്പറ്റ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1969 മുതല്‍ 76 വരെ കേരള സര്‍വകലാശാലാ സെനറ്റ് അംഗമായിരുന്നു. 1975 ഗുഡ്‌സാമരിറ്റന്‍ പ്രോജക്ട് ഇന്ത്യ സ്ഥാപിച്ചു.  78ല്‍ സമ്പൂര്‍ണ ബൈബിള്‍ തര്‍ജമ ആരംഭിച്ചു.  കാവാലം മണ്ഡകപ്പള്ളിയില്‍ കുടുംബാംഗമായ പരേതയായ കൊച്ചുറാണിയാണ് ഭാര്യ. മക്കള്‍: റസീമ ജോര്‍ജ്, റീനിമ അശോക്, പരേതയായ രാഗീമ ജോസഫ്, രാജു ജോസഫ്, രതീമ രവി. മരുമക്കള്‍: ജോര്‍ജ് മാത്യു വാഴേപ്പറമ്പില്‍ (ചങ്ങനാശ്ശേരി), മഠത്തില്‍പ്പറമ്പില്‍ അഡ്വ. അശോക് എം ചെറിയാന്‍ (എറണാകുളം), അഡ്വ. കെ സി ജോസഫ് കിഴക്കേല്‍ (പാലാ), ഷിജി വാലേത്ത് (കോലഞ്ചേരി), രവി ഡിസി കിഴക്കേമുറിയില്‍ (ഡിസി ബുക്‌സ്, കോട്ടയം).
Next Story

RELATED STORIES

Share it