ജോസഫ് ചെറിയാന്‍ യാത്രയായത് നാലുപേര്‍ക്ക് ജീവിതം സമ്മാനിച്ച്

കൊച്ചി: മരണാനന്തരവും ജോസഫ് ചെറിയാന്റെ അവയവങ്ങള്‍ നാലുപേരില്‍ പ്രവര്‍ത്തിക്കും. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോസഫ് ചെറിയാന്റെ (52) ആന്തരികാവയവങ്ങളാണ് കോഴിക്കോട്, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുക. ജോസഫിന്റെ ഹൃദയം, വൃക്കകള്‍, കരള്‍ എന്നീ അവയവങ്ങളാണു മാറ്റിവച്ചത്.
കോഴിക്കോട് മെട്രോ ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്റര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള 53കാരിയായ ജമീലയാണ് ജോസഫ് ചെറിയാന്റെ ഹൃദയം സ്വീകരിച്ചത്. ജോസഫിന്റെ ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും മറ്റൊരു വൃക്കയും കരളും ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ തന്നെ രണ്ടു രോഗികള്‍ക്കുമായി ഇന്നലെ മാറ്റിവച്ചു. മണിക്കൂറുകള്‍ നീണ്ട സങ്കീര്‍ണമായ ശസ്ത്രക്രിയക്കു ശേഷം രാവിലെ 10.30ഓടെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രത്യേകം സജ്ജമാക്കിയ വിമാനത്തില്‍ ഹൃദയം കോഴിക്കോട്ടേക്കു പറന്നത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നിന്ന് അവയവങ്ങള്‍ വഹിച്ചുള്ള യാത്രയ്ക്ക് ഗതാഗതസൗകര്യം എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്റേയും ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ ഒരുക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു അവയവദാനം.
തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ജോസഫ് ചെറിയാന്റെ ആരോഗ്യനില കൂടുതല്‍ മോശമായതിനെ തുടര്‍ന്നാണ് മൂന്നുദിവസം മുമ്പ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്കു മാറ്റിയത്. വെള്ളിയാഴ്ച്ച രാത്രി 7.30ഓടെ മസ്തിഷ്‌ക മരണം സ്ഥീരികരിച്ചു. തുടര്‍ന്ന് ജോസഫിന്റെ ഭാര്യ ലൈസമ്മ, മക്കളായ ആല്‍ബില്‍, സ്റ്റെഫിന്‍, ജോസഫിന്റെ സഹോദരങ്ങള്‍ എന്നിവരുടെ സമ്മതത്തോടെ അവയവദാനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയായിരുന്നു. അവയവദാനത്തിനു തയ്യാറായ ജോസഫ് ചെറിയാന്റെ കുടുംബത്തിന് നന്ദിയുണ്ടെന്നും മറ്റുള്ളവര്‍ക്കും ഇതു പ്രചോദനമാവട്ടെയെന്നും ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപറേറ്റിങ് ഓഫിസര്‍ രമേഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it