ജോസഫ് ഗ്രൂപ്പിലും ഭിന്നത; പ്രമുഖ നേതാക്കള്‍ എല്‍ഡിഎഫിലേക്ക് പോവാനുള്ള ആലോചനയില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റുകളുടെ പേരില്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷമായിരിക്കെ ജോസഫ് ഗ്രൂപ്പിലെ ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് പോവാനുള്ള ആലോചനയില്‍.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. യുഡിഎഫ് വിട്ടുവന്നാല്‍ ഘടകകക്ഷിയാക്കാമെന്ന് സിപിഎം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.
കെ എം മാണിയുമായി ഇടഞ്ഞുനില്‍ക്കുന്ന ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ. കെ സി ജോസഫ് എന്നിവരാണ് എല്‍ഡിഎഫില്‍ ചേക്കേറാന്‍ താല്‍പര്യപ്പെടുന്നത്.
മാണിയുടെ നേതൃത്വവുമായി ഒത്തുപോവാന്‍ കഴിയാത്തതും ഈ നേതാക്കള്‍ക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലാത്തതുമാണ് പുതിയ നീക്കത്തിനു പിന്നിലെ പ്രേരണ. റബര്‍സമരം ജോസ് കെ മാണിയില്‍ കേന്ദ്രീകരിക്കുന്നതും അസംതൃപ്തിക്ക് മറ്റൊരു കാരണമാണ്.
കോണ്‍ഗ്രസ്സില്‍നിന്ന് സീറ്റ് ലഭിച്ചാലും ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ക്ക് സീറ്റ് നല്‍കുന്നതിനോട് മാണിവിഭാഗത്തിന് താല്‍പര്യമില്ല. പ്രതിസന്ധി പരിഹരിക്കാന്‍ പി ജെ ജോസഫ് ശ്രമിക്കുന്നതിനിടെയാണ് ഒരുവിഭാഗം നേതാക്കള്‍ സിപിഎമ്മുമായി ചര്‍ച്ച തുടങ്ങിയത്. പി ജെ ജോസഫ് ഉള്‍പ്പെടെ തിരിച്ചുവരണമെന്നാണ് സിപിഎമ്മിന്റെ താല്‍പര്യമെങ്കിലും അനുകൂല നിലപാട് ജോസഫ് സ്വീകരിച്ചിട്ടില്ല. മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ ജോസഫ് ഇല്ലെങ്കിലും മുന്നണി വിടുമെന്ന് നേതാക്കള്‍ എല്‍ഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഫ്രാന്‍സിസ് ജോര്‍ജിനെ പോലുള്ളവര്‍ വന്നാല്‍ മുന്നണിക്ക് പ്രതീക്ഷയില്ലാത്ത പല മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ഥികളെ ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
വിലപേശലിന് നില്‍ക്കാതെ യുഡിഎഫ് വിട്ടുവന്നാല്‍ സഹകരിക്കുമെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ക്ക് അവര്‍ ഉറപ്പുനല്‍കി.
സീറ്റ് വിഭജന നടപടികള്‍ സജീവമാവുന്നതിനു മുമ്പ് നിലപാട് ഉടന്‍ വ്യക്തമാക്കണമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. യുഡിഎഫിലും കേരളാ കോണ്‍ഗ്രസ്സിലും അസംതൃപ്തര്‍ ഏറെയുണ്ടെന്നാണ് വിലയിരുത്തല്‍.
യുഡിഎഫ് വിട്ടുവന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴ സീറ്റ് നല്‍കിയേക്കും. പി സി ജോര്‍ജിന് പൂഞ്ഞാറും നല്‍കും. കേരളാ കോണ്‍ഗ്രസ്സില്‍ കടുത്ത ഭിന്നതയുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ജോസഫ് വിഭാഗത്തിലെ നേതാക്കളുമായി ഇതുവരെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു.
Next Story

RELATED STORIES

Share it