ജോസഫ് എം പുതുശ്ശേരിക്ക് സീറ്റ് നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരിയെ തിരുവല്ലയില്‍ മല്‍സരിപ്പിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യുഡിഎഫിനെതിരേ പ്രവര്‍ത്തിച്ചവരെ സ്ഥാനാര്‍ഥിയാക്കാന്‍ പാടില്ലെന്നു കാണിച്ച് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രസ്താവനയിറക്കി. തിരുവല്ല സീറ്റ് എല്‍ഡിഎഫില്‍ നിന്നു തിരിച്ചുപിടിക്കാന്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനുള്ള ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വം ഏറ്റെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തിക്കുകയും കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവ് എ കെ ആന്റണിയുടെ മല്ലപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പൊതുയോഗം ബഹിഷ്‌കരിക്കുകയും ചെയ്ത ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കം അപലപനീയമാണ്.  യുഡിഎഫ് പരാജയപ്പെട്ടപ്പോള്‍ മനസ്സ് തകര്‍ന്ന നൂറുകണക്കിന് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണിത്. യുഡിഎഫിന്റെ ഭാഗമായി 15 വര്‍ഷം എംഎല്‍എ സ്ഥാനത്തിരുന്ന വ്യക്തി മറ്റൊരു സ്ഥാനാര്‍ഥി മല്‍സരിച്ചപ്പോള്‍ യുഡിഎഫിന്റെ പരാജയത്തിനായി പ്രവര്‍ത്തിച്ചത് പ്രവര്‍ത്തകര്‍ക്ക് മറക്കാറായിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പുതുശ്ശേരിയെ സ്ഥാനാര്‍ഥിയാക്കുന്നതു ജനങ്ങള്‍ക്കു തെറ്റായ സന്ദേശം നല്‍കും. നടപടി അധാര്‍മികമാണെന്നു മനസ്സിലാക്കി നേതൃത്വം തീരുമാനത്തില്‍ നിന്നു പിന്തിരിയണം. കൂടാതെ ജയസാധ്യത പരിഗണിച്ച് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു.കെപിസിസി എക്‌സിക്യൂട്ടീവ് മെംബര്‍ പ്രഫ. സതീഷ് കൊച്ചുപറമ്പില്‍, ഡിസിസി സെക്രട്ടറിമാരായ അഡ്വ. റെജി തോമസ്, കോശി പി സഖറിയ, ടി കെ സജീവ്, കെ എ എബ്രഹാം, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പ്രസാദ് ജോര്‍ജ്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ, ഡിസിസി ഖജാഞ്ചി ഉമ്മന്‍ അലക്‌സാണ്ടര്‍ എന്നിവരാണു പ്രസ്താവനയില്‍ ഒപ്പിട്ടത്.അതേസമയം, കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതില്‍ മുന്നില്‍ നിന്ന ജോസഫ് എം പുതുശ്ശേരിയെ തള്ളാന്‍ വയ്യാത്ത അവസ്ഥയിലാണു കേരളാ കോണ്‍ഗ്രസ് (എം). ജോസ് കെ മാണിക്കുവേണ്ടി ത്യാഗം ചെയ്ത വിക്ടര്‍ ടി തോമസിനെ ഒഴിവാക്കാനും പാര്‍ട്ടിക്ക് കഴിയില്ല. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണു ജില്ലയില്‍ രണ്ട് സീറ്റിനായി കേരളാ കോണ്‍ഗ്രസ് (എം) അവകാശവാദം ശക്തമാക്കുന്നത്. തിരുവല്ലയ്‌ക്കൊപ്പം റാന്നിയും കൂടി ലഭിച്ചാല്‍ പ്രതിസന്ധിക്കു പരിഹാരം കാണാനാവുമെന്നാണു പ്രതീക്ഷ.
Next Story

RELATED STORIES

Share it