Pathanamthitta local

ജോസഫ് എം പുതുശ്ശേരിക്കും മറിയാമ്മ ചെറിയാനുമെതിരേ പ്രാദേശിക നേതൃത്വം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുളയിലും അടൂരിലും ഒഴിച്ചുള്ള സീറ്റുകളില്‍ ധാരണയാവാതിരിക്കുന്നതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിര്‍ജീവമാക്കുന്നു. ഗ്രൂപ്പു തിരിഞ്ഞുള്ള മല്‍സരത്തിന് കളമൊരുക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ആശങ്കയിലാണ് ജില്ലയില്‍ നേതാക്കള്‍. കോന്നിയിലെ സ്ഥാനാര്‍ഥി നിര്‍ണയം ഹൈക്കമാന്‍ഡിന് മുന്നിലുള്ള വിഷയമായതിനാല്‍ പ്രതികരിക്കുന്നത് തെറ്റാണെന്ന് ഡിസിസിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ഇതിനിടയിലാണ് യുഡിഎഫിലെ മൂന്നാം കക്ഷിയായ കേരളാ കോണ്‍ഗ്രസ്(എം)ന് നല്‍കിയിട്ടുള്ള തിരുവല്ല സീറ്റ് മാണിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെന്ന് അറിയപ്പെടുന്ന ജോസഫ് എം പുതുശേരിക്ക് നല്‍കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം കെപിസിസി, ഡിസിസി ഭാരവാഹികളും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റുമാര്‍ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരുവല്ല മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ സാധാരണ യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരം കൂടി മാനിക്കണമെന്ന് അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. സ്ഥാനാര്‍ഥി ആരാണെന്ന് നോക്കാതെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങളും തിരുവല്ലയിലെ യുഡിഎഫ് പ്രവര്‍ത്തകരും.
എന്നാല്‍ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരസ്യമായി എതിര്‍ത്ത് തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയെ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ആക്കാന്‍ ശ്രമിക്കുന്നത് ഇടതുപക്ഷക്കാരുടെ ശാരീരിക ആക്രമണം നേരിടേണ്ടി വന്ന യുഡിഎഫ് പ്രവര്‍ത്തകരോട് കാണിക്കുന്ന അവഹേളനമാണ്.
യുഡിഎഫ് പ്രവര്‍ത്തകരുടെ വികാരം പരിഗണിച്ച് തിരുവല്ലയിലെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കണമെന്ന് മണ്ഡലം പ്രസിഡന്റുമാരായ ശശികുമാര്‍ ആറമറ്റം ആനിക്കാട്, തോമസ് ജേക്കബ് കെ, മല്ലപ്പള്ളി, ബോബന്‍ ജോണ്‍ പുറമറ്റം, സതീഷ് കല്ലൂപ്പാറ, അജിമോന്‍ കയ്യാലത്ത് കുന്നന്താനം, സി സി സാമുവല്‍, കെ ജെ മാത്യു നെടുമ്പ്രം, സാബു കണ്ണാടിപ്പുഴയത്ത് കുറ്റൂര്‍, അഡ്വ. ബിനു വി ഈപ്പന്‍ പെരിങ്ങര, കുര്യന്‍ നിരണം എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
ഇതിന് പിന്നാലെ റാന്നിയില്‍ യുഡിഎഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മറിയാമ്മ ചെറിയാനെതിരേ മണ്ഡലത്തില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. കെ ജയവര്‍മ്മയ്ക്ക് സീറ്റ് നല്‍കണമെന്ന് ചില പോസ്റ്ററുകളില്‍ ആവശ്യപ്പെടുന്നു .
കഴിഞ്ഞ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് ചില പോസ്റ്ററുകളില്‍ പറയുന്നുണ്ട്. മറിയാമ്മ ചെറിയാന്റെ സ്ഥനാര്‍ത്ഥിത്വം കെപിസിസിക്ക് അപമാനമാണെന്നും പോസ്റ്ററില്‍ പരിഹസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മറ്റി പരിഗണനയ്ക്ക് എടുത്ത റാന്നിയില്‍ മറിയാമ്മ ചെറിയാന്റെ പേര് മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. റാന്നിയിലെ മുന്‍ എംഎല്‍എ എം സി ചെറിയാന്റെ ഭാര്യയാണ് മറിയാമ്മ ചെറിയാന്‍.
Next Story

RELATED STORIES

Share it