Flash News

ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റു ; സുരക്ഷയും പ്രതീക്ഷയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന



തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി എം സി ജോസഫൈന്‍ ചുമതലയേറ്റു. ഇന്നലെ പട്ടം പിഎംജിയിലെ കമ്മീഷന്‍ ആസ്ഥാനത്ത് രാവിലെ 11.30നായിരുന്നു ചടങ്ങ്. പുതുതായി നിയമിതയായ കമ്മീഷനംഗം അഡ്വ. എം എസ് താരയും ചുമതലയേറ്റു. സ്ത്രീകള്‍ക്കു പ്രതീക്ഷയും സുരക്ഷയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണനയെന്ന് ജോസഫൈന്‍ പറഞ്ഞു.  സംരക്ഷണത്തിന് കാത്തുനില്‍ക്കാതെ സ്ത്രീകള്‍ സ്വയം മുന്നോട്ടുവരുന്ന പുതിയ കാലത്ത് എല്ലാവിധ പ്രോല്‍സാഹനങ്ങളും നല്‍കും. സ്ത്രീസമൂഹവും വനിതാ സംഘടനകളും വനിതാ കമ്മീഷനില്‍ വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. ഇവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യും. കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിമിതിയും തടസ്സമാവില്ല. സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം വകവച്ചുനല്‍കാന്‍ സമൂഹം തയ്യാറാവാത്തതിന് ചരിത്രപരമായ നിരവധി സാമൂഹികഘടകങ്ങളുണ്ട്. ഇവ മറികടക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജോസഫൈന്‍ പറഞ്ഞു. ചെയര്‍പേഴ്‌സന് നല്‍കിയ സ്വീകരണത്തില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഡോ. ലിസി ജോസ്, ഡോ. ജെ പ്രമീളാദേവി, അഡ്വ. എം എസ് താര, മെമ്പര്‍ സെക്രട്ടറി കെ ഷൈലശ്രീ സംബന്ധിച്ചു. തുടര്‍ന്ന് എം സി ജോസഫൈനും കമ്മീഷന്‍ അംഗങ്ങളും സാമൂഹികക്ഷേമ-ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ചുമതലയേറ്റശേഷം എം സി ജോസഫൈന് ലഭിച്ച ആദ്യ നിവേദനം കോളജ് വിദ്യാര്‍ഥികളുടേത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് സ്വീകരിക്കാവുന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം തിരുവനന്തപുരം പനവൂര്‍ മുസ്‌ലിം അസോസിയേഷന്‍ കോളജിലെ ബിരുദ വിദ്യാര്‍ഥികളാണ് നല്‍കിയത്. നിര്‍ദേശങ്ങള്‍ കമ്മീഷന്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍പേഴ്‌സണ്‍ ഉറപ്പു നല്‍കി. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളെ അമര്‍ച്ച ചെയ്യുന്നതിന് എത്തിക്കല്‍ ഹാക്കര്‍മാരെ ഉപയോഗിച്ച് സൈറ്റുകള്‍ നിയന്ത്രണത്തിലാക്കുക, ടിവി പരിപാടികള്‍ക്കിടയിലും സിനിമാ തിയേറ്ററുകളിലും ബോധവല്‍ക്കരണ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഹൈസ്‌കൂള്‍തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കുക, ജനകീയ പിന്തുണയോടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
Next Story

RELATED STORIES

Share it