kannur local

ജോലി വാഗ്ദാനത്തട്ടിപ്പ്: രണ്ടുപേര്‍ അറസ്റ്റില്‍

തലശ്ശേരി: അമേരിക്കന്‍ പ്രതിരോധ സേനയിലേക്ക് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേരെ തലശ്ശേരി പോലിസ് പിടികൂടി. ബിഹാര്‍ സ്വദേശി മഹ്മൂദ് ചൗക്കില്‍ ബഹിയാവാനിലെ സയ്യിദ് ജോഹര്‍ ഇമാം (28), കൊല്ലം കൊട്ടാരക്കരയിലെ പള്ളിക്കല്‍ ദീപ വിഹാറില്‍ ദില്‍ഷന്‍ എസ് രാജ് (30) എന്നിവരെയാണ് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നിര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്. തലശ്ശേരി സ്വദേശികളായ ഇരുപത്തിയഞ്ചിലേറെ പേര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ക്യാംപിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ ഉദ്യോഗാര്‍ഥികളും പരാതി നല്‍കിയിട്ടുണ്ട്. ഒന്നര ലക്ഷം രൂപയാണ് വിസക്ക് നല്‍കേണ്ടത്. പലരും അരലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. ഈ തുക സംഘം നിര്‍ദേശിക്കുന്ന അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കേണ്ടത്. തുടര്‍ന്ന് അഫ്ഗാന്‍ സര്‍ക്കാരിന്റെ വ്യാജ മുദ്ര പതിച്ച വിസ ഉദ്യോഗാര്‍ഥിക്ക് ലഭിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകളിലെ ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
നിരക്ഷരരായ ഗ്രാമീണ കര്‍ഷകരുടെ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് തട്ടിപ്പിനായി ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. തുടരന്വേഷണത്തിലാണ് ഗ്രാമമുഖ്യന്റെ സഹായിയായ ജോഹര്‍ ഇമാമിനെ കേരള പോലിസ് കസ്റ്റഡിയിലെടുത്തത്.
എടിഎം കാര്‍ഡും പിന്‍നമ്പരും കൈയില്‍വച്ച ജോഹര്‍ ഇമാം പണം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ കേരളത്തിലെ ജില്‍ഷന്‍ രാജ് വഴി ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെടുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് അന്വേഷണം ദില്‍ഷന്‍ രാജിലേക്ക് നീണ്ടത്. കൂടുതല്‍ പേര്‍ ഈ സംഘത്തില്‍ ഉണ്ടെന്നാണ് ലഭിച്ച വിവരം.

Next Story

RELATED STORIES

Share it