ജോലി വാഗ്ദാനം രോഹിതിന്റെ സഹോദരന്‍ നിരസിച്ചു: ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ഹൈദരബാദ് സര്‍വകലാശാല ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ സഹോദരന്‍, സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അഭിഭാഷകന്‍ അവാധ് കൗശിക് സമര്‍പ്പിച്ച പൊതുതാല്‍പര്യഹരജി തള്ളണമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഗൗതം നാരായണന്‍ ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത്‌നാഥ് എന്നിവരുടെ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടു. ജോലി സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് രോഹിതിന്റെ സഹോദരന്‍ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍, ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് അടുത്ത ജൂലൈ 13ലേക്കു മാറ്റി. രോഹിത് വെമുലയുടെ സഹോദരന് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് ഫെബ്രുവരി 24ന് ഡല്‍ഹി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നിയമാനുസൃതമല്ലെന്നും ഏകപക്ഷീയവും രാഷ്ട്രീയ പ്രേരിതവുമാണെന്നുമായിരുന്നു ഹരജിക്കാരന്‍ ആരോപിച്ചത്. ഡല്‍ഹിയില്‍ നിരവധി യുവാക്കള്‍ തൊഴിലിനു വേണ്ടി കാത്തിരിക്കുമ്പോള്‍ ഡല്‍ഹിയുമായി യാതൊരു ബന്ധവുമില്ലാത്തയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത് നിയമവിരുദ്ധവും പൊതുജനങ്ങളുടെ മൗലികാവകാശ ലംഘനവുമാണെന്നും ഹരജിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it