ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അഭിഭാഷകന്‍ അറസ്റ്റില്‍

സ്വന്തം  പ്രതിനിധി

അടിമാലി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി ഒന്നരക്കോടി തട്ടിയെടുത്ത സംഭവത്തില്‍ മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചുരിയോട് ചുണ്ടംപറ്റം വീട്ടില്‍ അഡ്വ. അബ്ദുസ്സലാ(42)മിനെയാണ് അടിമാലി എസ്‌ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തില്‍ പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയായ യുവതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ബംഗളൂരു അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോണാഫീഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനാണ് അഡ്വ. അബ്ദുസ്സലാം. ഈ ട്രസ്റ്റിന്റെ മറവിലാണ് ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തത്. ഇതോടെ, സംഭവത്തില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ആറായി. ഇരുമ്പുപാലം കീപ്പുറത്ത് അഷ്‌റഫ്(42), ആലുവ പോലിസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന പറമ്പില്‍ വീട്ടില്‍ ഫാ. നോബി പോള്‍(41), കൊന്നത്തടി മങ്കുവ തെള്ളിത്തോട് ചേലമലയില്‍ ബിജു കുര്യാക്കോസ്(44), തോപ്രാംകുടി മുളപ്പുറം വീട്ടില്‍ ബിനു പോള്‍(35), കൊന്നത്തടി കബല്‍കണ്ടം  കോലാനിക്കല്‍ അരുണ്‍ സോമന്‍(34) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. തട്ടിപ്പില്‍ മുഖ്യകണ്ണികളായ അഷ്‌റഫ്, ഫാ. നോബി പോള്‍ എന്നിവര്‍ ഒഴികെയുള്ളവര്‍ക്ക് കോടതി ജാമ്യം നല്‍കി. അടിമാലി പോലിസ് ഇവരെ അറസ്റ്റ് ചെയ്തതറിഞ്ഞ അബ്ദുസ്സലാം മക്കാവുവിലേക്ക് കടന്നിരുന്നു. എന്നാല്‍, അന്വേഷണം മന്ദീഭവിച്ചെന്ന ധാരണയില്‍ ബുധനാഴ്ച ഇയാള്‍ പാലക്കാട്ടെ വസതിയില്‍ എത്തിയതായി പോലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് പാലക്കാട് പോലിസിന്റെ സഹായത്തോടെയാണ് ഇയാളെ അടിമാലി പോലിസ് വെള്ളിയാഴ്ച പിടികൂടിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെല്ലാം ഇയാള്‍ക്കൊപ്പം പിടികൂടാനുള്ള യുവതിയും ഉണ്ടായിരുന്നു.റിമാന്‍ഡില്‍ കഴിയുന്ന ഫാ. നോബി പോളിന്റെ അടുത്ത സുഹൃത്താണ് ഇയാളെന്ന് പോലിസ് പറഞ്ഞു. കേരളത്തി ല്‍ ഫാ. നോബി പോളും ആശുപത്രി ഉടമയുമായ അഷ്‌റഫും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. ജില്ലയില്‍ അടിമാലി, കഞ്ഞിക്കുഴി പോലിസ് സ്‌റ്റേഷനുകള്‍ക്ക് പുറമെ തൊടുപുഴ, കരിങ്കുന്നം പോലിസ് സ്‌റ്റേഷനുകളിലും ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പാലക്കാട്, കോട്ടയം, തൃശൂര്‍, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 21നാണ് ഇവരെ അടിമാലി പോലിസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 119 പേരില്‍ നിന്ന് 1.5 കോടിയാണ് ഇവര്‍ തട്ടിച്ചെടുത്തത്. തെളിവെടുപ്പിന് ശേഷം പ്രതിയെ ശനിയാഴ്ച അടിമാലി കോടതിയില്‍ ഹാജരാക്കുമെന്ന് അടിമാലി പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it