ജോലി ചെയ്ത 15 പോലിസുകാരെ എസ്പി സസ്‌പെന്‍ഡ് ചെയ്തു

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: ജോലിക്ക് ഹാജരായില്ലെന്ന സിഐയുടെ തെറ്റായ റിപോര്‍ട്ടില്‍ 15 പോലിസുകാരെ ഇടുക്കി എസ്പി സസ്‌പെന്‍ഡ് ചെയ്തു. റിപോര്‍ട്ടിലെ യാഥാര്‍ഥ്യം രഹസ്യാന്വേഷണ വിഭാഗം ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് എട്ടു പേരെ തിരിച്ചെടുത്തു. മഴക്കെടുതിയും ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ക്രമീകരിക്കാന്‍ പോലിസുകാരെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ് തെറ്റായ റിപോര്‍ട്ട് തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിനു സമര്‍പ്പിച്ചത്. ഇടുക്കി അണക്കെട്ട് അടക്കമുള്ള സ്റ്റേഷനുകളുടെ പരിധിയില്‍ ആവശ്യത്തിനു ജോലിക്കാരില്ലെന്ന പരാതിയാണു നടപടികളിലേക്കു നയിച്ചത്. വിവരം അറിഞ്ഞതിനെ തുടര്‍ന്നു ഡിവൈഎസ്പി, സിഐയോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മഴക്കെടുതിയും റോഡുകള്‍ തകര്‍ന്നതും മൂലമാണ് പോലിസുകാര്‍ ജോലിക്ക് എത്താത്തതെന്ന കാരണം മേലുദ്യോഗസ്ഥര്‍ പരിഗണിച്ചില്ല. സ്‌റ്റേഷനുകളില്‍ ഹാജരാവാത്ത പോലിസുകാരുടെ കണക്കെടുത്ത് സിഐ റിപോര്‍ട്ട് തയ്യാറാക്കി ഡിവൈഎസ്പിക്കു കൈമാറുകയായിരുന്നു. ഈ റിപോര്‍ട്ടില്‍ സൂക്ഷ്മ പരിശോധന നടത്താതെ എസ്പി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതാണു 15 പോലിസുകാര്‍ക്കു വിനയായത്. കാലവര്‍ഷക്കെടുതിയില്‍ ഇടുക്കിയിലാകമാനം വയര്‍ലെസ്സും മൊബൈല്‍ ഫോണും അടക്കമുള്ളവ തകരാറിലായിരുന്നു. അതിനാല്‍ തങ്ങളുടെ സ്‌റ്റേഷനുമായി ബന്ധപ്പെടാന്‍ ഈ പോലിസുകാര്‍ക്കു സാധിച്ചിരുന്നില്ല. അതേസമയം ഇതേ പോലിസുകാര്‍ തങ്ങളുടെ സ്വദേശത്തെ പോലിസ് സ്‌റ്റേഷനുകളില്‍ ഹാജരായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ എസ്‌ഐ റാങ്ക് മുതല്‍ ഡിവൈഎസ്പി വരെയുള്ള മേലുദ്യോഗസ്ഥര്‍ കൃത്യമായി മനസ്സിലാക്കാതെ നടപടിയിലേക്കു നീങ്ങിയതാണ് പോലിസുകാരുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്. സസ്‌പെന്‍ഷന്‍ വിവരം അറിഞ്ഞ ഇടുക്കിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ അന്വേഷിച്ചു റിപോര്‍ട്ട് നല്‍കിയതിലൂടെയാണ് ഇവരില്‍ എട്ടു പേരുടെ നടപടി പിന്‍വലിച്ചത്. തെറ്റ് ചെയ്യാതെ തന്നെ സസ്‌പെന്‍ഷനിലായ ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. തെറ്റായ റിപോര്‍ട്ട് നല്‍കുകയും ശിക്ഷിക്കുകയും ചെയ്ത മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. അതേസമയം കഴിഞ്ഞദിവസം ഇടുക്കി അണക്കെട്ടിനു മുകളില്‍ ജോലിയില്‍ ഉണ്ടായിരുന്ന പോലിസുകാരനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സ്ത്രീയെ കേസെടുക്കാതെ വിട്ടയച്ചതും ഇടുക്കി സിഐ സിബിച്ചന്‍ ജോസഫ് ആണെന്ന് ആരോപണമുണ്ട്.

Next Story

RELATED STORIES

Share it