Districts

ജോലിസമയത്ത് വ്യക്തിത്വ വികസനക്ലാസ്: ധനവകുപ്പിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു

തിരുവനന്തപുരം: ജോലിസമയത്ത് വ്യക്തിത്വ വികസന ക്ലാസ് നടത്തിയതോടെ ധനവകുപ്പില്‍ ഒന്നേകാല്‍ മണിക്കൂറോളം ജോലി തടസ്സപ്പെട്ടു. ധനവകുപ്പിലെ സുപ്രധാന വിഭാഗങ്ങളിലേതടക്കമുള്ള ജോലികളാണ് സ്തംഭിച്ചത്. ദിനംപ്രതി അമ്പതിലധികം പ്രധാന ഫയലുകള്‍ തീര്‍പ്പാക്കേണ്ട എക്‌സ്‌പെന്റിച്ചര്‍ വിഭാഗത്തില്‍ പോലും ഇന്നലെ ഉച്ചയ്ക്കുശേഷം ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അഡ്മിനിസ്‌ട്രേഷനിലും ആളില്ലായിരുന്നു. ട്രഷറി കാര്യങ്ങള്‍ നോക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലും ജീവനക്കാരുടെ കാര്യം നോക്കുന്ന റൂള്‍സ് വിഭാഗത്തിലും ഉച്ചയ്ക്കുശേഷം സമാന സ്ഥിതി പ്രകടമായി.
ഒന്നേകാല്‍ മുതല്‍ രണ്ടുമണി വരെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇന്നലെ രണ്ടുമണി കഴിഞ്ഞിട്ടും ധനവകുപ്പിലെ ജീവനക്കാര്‍ ഓഫിസില്‍ മടങ്ങിയെത്തിയില്ല. ഇതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് ഭരണാനുകൂല സംഘടനയായ ഫൈനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വനിതാവിഭാഗം സംഘടിപ്പിച്ച വ്യക്തിത്വ വികസന പരീശീലന ക്ലാസില്‍ പങ്കെടുക്കാനായി എല്ലാവരും പോയതായി അറിയുന്നത്.
സമകാലിക ജീവിതത്തിലെ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള പരിശീലനമാണ് സെക്രട്ടേറിയറ്റിന് സമീപത്തെ വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ചത്. ക്ലാസിന് ശേഷം വൈകീട്ട് 3.10നാണ് ജീവനക്കാര്‍ കൂട്ടത്തോടെ സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്തിയത്. അതേസമയം, ജോലി സമയത്ത് ഇത്തരത്തിലുള്ള പരിശീലനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ധനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it