ജോലിതട്ടിപ്പു കേസ്: ശരണ്യയെ വീണ്ടും കോടതിയില്‍ ഹാജരാക്കി

കായംകുളം: പോലിസിലെ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യപ്രതി ശരണ്യയെ കായംകുളം കോടതിയില്‍ ഇന്നലെ വീണ്ടും ഹാജരാക്കി. കായംകുളത്തെ മൂന്നു കേസുകളുമായി ബന്ധപ്പെട്ടാണു ശരണ്യയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. മാനനഷ്ടക്കേസ് തനിക്കു പ്രശ്‌നമല്ലെന്നും മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശരണ്യ പറഞ്ഞു. കോടതിയില്‍ നിന്നും പുറത്തു വന്ന ശരണ്യ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
ഇവരോടൊപ്പമുണ്ടായിരുന്ന മാതാവ് അജിത കോടതിപരിസരത്ത് ബഹളംവച്ചത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. എല്ലാം തുറന്നു പറയണം. ഏറെ നാളുകൊണ്ട് ഈ ദുരിതം സഹിക്കുകയാണെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അജിതയുടെ പ്രതികരണം. എന്നാല്‍ ആദ്യം പ്രതികരിക്കാതിരുന്ന ശരണ്യ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു. മന്ത്രിയുടെ ഓഫിസിലെയും പോലിസിലെ ചിലര്‍ക്കെതിരേയും നേരത്തേ ശരണ്യ ആരോപണമുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മന്ത്രിയുടെ ഓഫിസ് സ്റ്റാഫ് മാനനഷ്ടക്കേസിനു നോട്ടീസ് അയച്ചിരുന്നു.
അതേസമയം, കേസ് അന്വേഷണം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്, എസ്പി പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കായംകുളത്തെത്തി കേസിന്റെ അന്വേഷണഫയലുകള്‍ ഏറ്റുവാങ്ങി. ഇതുവരെ അന്വേഷണത്തിനു മേല്‍നോട്ടം വഹിച്ചിരുന്ന ഡിവൈഎസ്പി എസ് ദേവമനോഹര്‍ ഉള്‍പ്പെടെയുള്ള പോലിസിലെ പ്രാദേശിക ഉദ്യോഗസ്ഥരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു.
പോലിസിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് 29ഓളം പേരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയതായാണ് ശരണ്യക്കെതിരായ കേസ്. തട്ടിപ്പിനിരയായവര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒളിവില്‍പോയ ശരണ്യയെ മൂന്നാഴ്ച മുമ്പ് ബംഗളൂരുവില്‍നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it