ജോലിക്കിടയില്‍ ഇരിക്കാം; നിയമഭേദഗതി പ്രാബല്യത്തില്‍

തിരുവനന്തപുരം: സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാന ഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.
ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ തൊഴിലാളിക്ഷേമ നടപടികളിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നിയമഭേദഗതികള്‍ നിലവില്‍ വന്നിരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. നിയമഭേദഗതികള്‍ ഉടന്‍ നടപ്പാക്കുന്നതിന് തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും മന്ത്രി അഭ്യര്‍ഥിച്ചു. നിയമഭേദഗതികള്‍ പ്രാവര്‍ത്തികമാക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റോറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അടക്കമുള്ളവരുടെ ദീര്‍ഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്. വൈകീട്ട് ഏഴുമുതല്‍ പുലര്‍ച്ചെ ആറുമണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുത്തി വൈകീട്ട് ഒമ്പതുമണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അതോടൊപ്പം മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതുമണി മുതല്‍ പുലര്‍ച്ചെ ആറുമണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്കു നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ എന്നും വ്യവസ്ഥചെയ്തിട്ടുണ്ട്. ആഴ്ചയില്‍ ഒരുദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി. ആഴ്ചയില്‍ ഒരുദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്നു വ്യവസ്ഥ ചെയ്തു. നിയമലംഘനങ്ങള്‍ക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വര്‍ധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന തൊഴിലുടമകള്‍ക്കുള്ള പിഴ ഓരോ വകുപ്പിനും 5000 രൂപയില്‍ നിന്ന് 1,00,000 രൂപയായി വര്‍ധിപ്പിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് ചുമത്തുന്ന പിഴ 10,000 രൂപയില്‍ നിന്ന് 2,00,000 രൂപയായി ഉയര്‍ത്തി. സ്ഥാപനത്തില്‍ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു തൊഴിലാളിക്ക് 2,500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. 1960ലെ കേരള ഷോപ്പ്‌സ് ആന്റ്് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്റ്റിന്റെ പരിധിയില്‍ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണു കണക്ക്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികള്‍ നിയമത്തിന്റെ പരിധിയില്‍ വരും.

Next Story

RELATED STORIES

Share it