Flash News

ജോലിക്കാരെ കിട്ടാനില്ലാത്ത തസ്തികകളില്‍ മാത്രം വിസ

ജോലിക്കാരെ കിട്ടാനില്ലാത്ത തസ്തികകളില്‍ മാത്രം വിസ
X
saudi labour ministry

ജിദ്ദ: രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് സൗദി തൊഴില്‍ മന്ത്രാലയം പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തുന്നു. റിക്രൂട്ട് ചെയ്യപ്പെടുന്ന ജോലികള്‍ക്കു രാജ്യത്ത് പ്രാപ്തരായ സ്വദേശികളെയും വിദേശികളെയും കിട്ടാനില്ലെങ്കില്‍ മാത്രമേ റിക്രൂട്ട് ചെയ്യാനുള്ള വിസ അനുവദിക്കൂ.
നിത്വാഖാത്ത് വ്യവസ്ഥ പ്രകാരം യോഗ്യരായ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ മുഖേനെ വിസകള്‍ ലഭിക്കും. സ്ഥാപനങ്ങളെ മന്ത്രാലയവുമായി ഓണ്‍ലൈന്‍ മുഖേനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. എന്നാ ല്‍ ഇതോടൊപ്പം തന്നെ മന്ത്രാലയത്തിന്റെ താഖാത് പോലുള്ള വെബ്‌സൈറ്റുമായും സ്ഥാപങ്ങളെ ബന്ധപ്പെടുത്തും. താഖാത്തില്‍ നൂറുകണക്കിനു സ്വദേശി തൊഴിലന്വേഷകരുടെ ബയോഡാറ്റകള്‍ സൂക്ഷിച്ചിട്ടുണ്ട്.
സൗദി മാനവ വിഭവശേഷി വികസന ഫണ്ട്, സൗദി സാങ്കേതിക വിജ്ഞാന പരിശീലന കോര്‍പറേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും തൊഴിലന്വേഷകരായ സൗദി യുവതി യുവാക്കളുടെ വിവരങ്ങളടങ്ങിയ ടാറ്റാ ബാങ്കുണ്ട്. ഇവയില്‍ നിന്ന് തങ്ങള്‍ക്കു വേണ്ട ജീവനക്കാരനെ ലഭിക്കുമോയെന്ന് അന്വേഷിക്കണം. ലഭിച്ചില്ലെങ്കില്‍ സൗദിയില്‍ വിദേശി തൊഴിലാളികള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. അന്വേഷണങ്ങളില്‍ പ്രസ്തുത ജോലികളിലേക്ക് രാജ്യത്ത് സ്വദേശികളും വിദേശികളും ലഭ്യമില്ലെന്ന് ഉറപ്പായാല്‍ വിസകള്‍ അനുവദിക്കും.
പുതിയ വ്യവസ്ഥ മാര്‍ച്ച് 31 മുതല്‍ നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിദേശികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിന് മുമ്പ് പ്രാപ്തരായ സ്വദേശികളുണ്ടോയെന്ന് തൊഴിലുടമ അന്വേഷിക്കണമെന്ന് സൗദി തൊഴില്‍ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും ഈ നിയമം വേണ്ടത്ര പരിഗണിച്ചിരുന്നില്ല. രാജ്യത്ത് തന്നെയുള്ള വിദേശികള്‍ക്കു ജോലി നല്‍കുക വഴി വിസകളുടെ എണ്ണം കുറയ്ക്കാനും മന്ത്രാലയം ലക്ഷ്യമിടുന്നു.

[related]
Next Story

RELATED STORIES

Share it