ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റം; ഫലപ്രദമായ അന്വേഷണം നടത്തണം: ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ ജോയ്‌സ് ജോര്‍ജ് എം പിയുമായി ബന്ധപ്പെട്ട ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റക്കേസില്‍ ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.
ആദിവാസികളെ വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് കേസിനിടയാക്കപ്പെട്ട ഭൂമി തട്ടിയെടുത്തിട്ടുള്ളതെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ബി കെമാല്‍പാഷ അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.
സ്ഥലം എംപിക്ക്കൂടി പങ്കാളിത്തമുള്ള ഭൂമി കൈയേറ്റക്കേസില്‍ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സിബി ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നാര്‍ എഎസ്പിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കന്ന അന്വേഷണം കൂടുതല്‍ ഫലപ്രദമായ രീതിയില്‍ മുന്നോട്ടുപോവണം. അന്വേഷണത്തിന് ഇടുക്കി എസ്പി മേല്‍നോട്ടം വഹിക്കണമെന്നും അന്വേഷണ പുരോഗതി സംബന്ധിച്ച റിപോര്‍ട്ട് എല്ലാമാസവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ആദിവാസികള്‍ക്ക് പട്ടയം കിട്ടിയ ഭൂമി പവര്‍ ഓഫ് അറ്റോര്‍ണി കൈവശപ്പെടുത്തിയ ശേഷം പിന്നീട് എംപിയുടെ പിതാവ് മക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. അഞ്ചും ആറും വയസ്സുള്ളപ്പോള്‍ മുതല്‍ കൈവശമുള്ള ഭൂമിക്ക് പട്ടയത്തിന് അപേക്ഷിക്കുകയും തുടര്‍ന്ന് ലഭിക്കുകയുമായിരുന്നു. പട്ടയം ലഭിച്ചയുടന്‍ ഈ ഭൂമിയുടെ മുഴുവന്‍ അവകാശവും പവര്‍ ഓഫ് അറ്റോര്‍ണിയായി കൈയേറ്റക്കാരനില്‍ വന്നുചേരുകയായിരുന്നുവെന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.
ഭൂമി ഇടപാടിലെ നിയമവിരുദ്ധമായ നടപടിയും ക്രമക്കേടും ഏറെ ഗൗരവത്തോടെ കാണുന്നതായി കോടതി ചൂണ്ടിക്കാട്ടി. ദുര്‍ബലരായ ആദിവാസികളെ ബോധപൂര്‍വമായി ചൂഷണം ചെയ്തിട്ടുണ്ട്.
അതിനാല്‍, ഫലപ്രദമായ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണ്. കടലാസില്‍ മാത്രമല്ല നടപടി ഉറപ്പാക്കുന്ന വിധം നേരിട്ടും അന്വേഷണത്തിന് പുരോഗതിയുണ്ടാവണം. എല്ലാ മാസവും അന്വേഷണ പുരോഗതി സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണം. ആദ്യ റിപോര്‍ട്ട് ജനുവരി അഞ്ചിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Next Story

RELATED STORIES

Share it