ജോയ്‌സ് ജോര്‍ജിന്റെ ഭൂമി കൈയേറ്റ വിവാദം; പട്ടയ ഉടമകളെ നേരില്‍ ഹാജരാക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു

തൊടുപുഴ: അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയുടെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ യഥാര്‍ഥ പട്ടയ ഉടമകളെ നേരില്‍ ഹാജരാക്കാന്‍ സബ് കലക്ടര്‍ ഉത്തരവിട്ടു. ഇന്നലെ ദേവികുളത്ത് നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയതു സംബന്ധിച്ച അപ്പീലിന്‍മേലുള്ള ഹിയറിങിലാണ് ഈ തീരുമാനം. നേരത്തേ സബ്കലക്ടര്‍ റദ്ദാക്കിയ ഈ പട്ടയം റദ്ദ് ചെയ്തിരുന്നു. ഇതിനെതിരേ ജോയ്‌സ് ജോര്‍ജും കുടുംബവും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ ഹരജിയെ തുടര്‍ന്നാണ്  റദ്ദാക്കിയ നടപടി പുനപ്പരിശോധിക്കണമെന്ന് സബ്കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. അതേത്തുടര്‍ന്നാണ് ഹിയറിങ് നടത്തിയത്.
ഇന്നലെ ഹിയറിങിന് ഹാജരാവണമെന്നാവശ്യപ്പെട്ട് എംപിക്കും ഭാര്യ, അമ്മ, സഹോദരനുമുള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്ക് സബ് കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എംപിയോ കുടുംബാംഗങ്ങളോ നേരിട്ട് ഹിയറിങിന് ഹാജരായില്ല. പകരം എല്ലാവര്‍ക്കുമായി അഭിഭാഷകരാണ് ഹാജരായത്.
ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതു സംബന്ധിച്ച പുതിയ രേഖകളൊന്നും അഭിഭാഷകര്‍ ഹാജരാക്കിയില്ല. ക്രമരഹിതമായാണ് പട്ടയം റദ്ദാക്കിയതെന്നാണ് ഇന്നലെ അഭിഭാഷകന്‍ ഉന്നയിച്ച പ്രധാന വാദം. പട്ടയം റദ്ദാക്കുന്നതിനു മുമ്പ് യഥാര്‍ഥ പട്ടയ ഉടമകളെ കേട്ടില്ലെന്നും എംപിയുടെ അപ്പീല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഇന്നലെ അഭിഭാഷകനും സബ്കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്നാണ് എംപിയുടെ പിതാവിന് ഭൂമി നല്‍കിയവരെ നേരില്‍ ഹാജരാക്കാന്‍ തീരുമാനിച്ചത്.
കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ എംപിക്കും കുടുംബത്തിനുമായി 24 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഇതിന്റെ രേഖകള്‍ കൃത്രിമമാണെന്നും ലാന്‍ഡ് ബോര്‍ഡ് പോലും അറിയാതെ കൊട്ടക്കാമ്പൂര്‍ വില്ലേജ് ഓഫിസില്‍ തട്ടിക്കൂട്ടിയതാണെന്നുമാണ് ആരോപണം.
കോണ്‍ഗ്രസ് കുടുംബാംഗമായിരുന്ന ജോയ്‌സ് ജോര്‍ജ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നോമിനിയായി എംപി സ്ഥാനാര്‍ഥിയായി മല്‍സരരംഗത്ത് എത്തിയതോടെ യുഡിഎഫുകാരാണ് കൊട്ടക്കാമ്പൂര്‍ വില്ലേജിലെ വ്യാജപട്ടയം ചര്‍ച്ചയാക്കിയത്. തുടര്‍ന്ന് ഇത് സംബന്ധിച്ച കേസും ഉണ്ടായി. അത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ഭൂമിയുടെ രേഖകള്‍ കൃത്രിമമാണെന്നു കണ്ട് സബ് കലക്ടര്‍ പ്രേംകുമാര്‍ പട്ടയം റദ്ദാക്കിയത്.
Next Story

RELATED STORIES

Share it