ജോയിന്റ് സെക്രട്ടറി പദവിയിലേക്ക് സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍ക്ക് നിയമനം

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കാറുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ സര്‍വീസിലില്ലാത്തവരെ ക്ഷണിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. രാജ്യത്തെ സുപ്രധാന മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറിതലത്തിലുള്ള തസ്തികകളിലേക്കാണ്  സ്വകാര്യ മേഖലകളില്‍ നിന്നുള്‍പ്പെടെയുള്ള ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചിരിക്കുന്നത്.
റവന്യൂ, സാമ്പത്തികകാര്യം, കൃഷി-സഹകരണം, കര്‍ഷക ക്ഷേമം, റോഡ് ഗതാഗതം, കപ്പല്‍ ഗതാഗതം, വനം-പരിസ്ഥിതി,  കാലാവസ്ഥാ വ്യതിയാനം, ഊര്‍ജം, വ്യോമയാനം, വാണിജ്യം തുടങ്ങിയ പ്രധാനപ്പെട്ട 10 മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറി തസ്തികകളിലേക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പുറത്തുള്ളവരെ നിയമിക്കാന്‍  നീക്കം ആരംഭിച്ചത്.
ഈ മേഖലയില്‍ 15 വര്‍ഷത്തെ പരിചയം ഉള്ളവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകരുടെ പ്രായം 40 വയസ്സിനു മുകളിലായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ മൂന്നു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. കഴിവ് പരിഗണിച്ച് സര്‍വീസ് അഞ്ചു വര്‍ഷം വരെ നീട്ടിനല്‍കാനും സാധ്യതയുണ്ട്. നിയമനം ലഭിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി തലത്തിലുള്ളവര്‍ക്ക് ലഭിക്കുന്ന ശമ്പളം ലഭിക്കും. ഇതു പ്രകാരം 1.44 ലക്ഷം മുതല്‍ 2.18 ലക്ഷം വരെയായിരിക്കും പ്രതിമാസ ശമ്പളം. ഔദ്യോഗിക ബംഗ്ലാവ്, വാഹനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമാവും.
കേന്ദ്രതലത്തിലും കമ്മിറ്റി ഓഫ് സെക്രട്ടറീസിലും നിലവില്‍ ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇത് പരിഹരിക്കാന്‍ സ്വകാര്യമേഖലയില്‍ നിന്നുള്‍പ്പെടെ ലാറ്ററല്‍ എന്‍ട്രി വേണമെന്ന് കഴിഞ്ഞ വര്‍ഷം ഇതു സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി. സ്വകാര്യ മേഖലയിലുള്ളവരുടെ കഴിവ് പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ സേവനരംഗത്ത് പുത്തന്‍ ഊര്‍ജം കൊണ്ടുവരുന്നതിനാണ് നിയമനമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ ഈ മാസം 30നു മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വേേു://ഘമലേൃമഹ.ിശര.ശി ല്‍ നിന്ന് ലഭിക്കും.
Next Story

RELATED STORIES

Share it