ജോയിന്റ് രജിസ്ട്രാര്‍ നിയമനം ചട്ടവിരുദ്ധമെന്ന് നിയമവകുപ്പ്

തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാറുടെ നിയമനം ചട്ടവിരുദ്ധമെന്ന് നിയമവകുപ്പ്. സര്‍വീസില്‍നിന്ന് വിരമിച്ചയാളെ ജോയിന്റ് രജിസ്ട്രാര്‍ തസ്തികയില്‍ തുടരാന്‍ അനുവദിച്ചത് നിയമവിരുദ്ധമാണെന്നും നിയമനോദ്യോഗസ്ഥര്‍ കൃത്യവിലോപം നടത്തിയെന്നും നിയമവകുപ്പ് കണ്ടെത്തി.
ആരോഗ്യസര്‍വകലാശാലാ ചട്ടത്തിലോ പിന്നീട് രൂപീകരിച്ച സ്റ്റാറ്റിയൂട്ടിലോ ജോയിന്റ് രജിസ്ട്രാര്‍ തസ്തിക അനുവദിച്ചിട്ടില്ല. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടെ നിയമനം നടത്താന്‍ സര്‍വകലാശാലാ ഭരണസമിതിക്ക് അവകാശമുണ്ടെന്ന ചട്ടം ദുരുപയോഗം ചെയ്താണ് ജോയിന്റ് രജിസ്ട്രാറുടെ നിയമനം നടത്തിയത്.
അതേസമയം, ജോയിന്റ് രജിസ്ട്രാര്‍ നിയമനത്തിന് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. ഡെപ്യൂട്ടി രജിസ്ട്രാര്‍ തസ്തികയില്‍ ജോലിചെയ്തിരുന്ന എം ഗീതയെയാണ് വിരമിച്ചശേഷം ജോയിന്റ് രജിസ്ട്രാര്‍ ആയി സര്‍വകലാശാല നിയമിച്ചത്. ഇത് ചട്ടവിരുദ്ധമാണെന്ന പരാതികളെത്തുടര്‍ന്ന് ആരോഗ്യ വിദ്യാഭ്യാസവകുപ്പ് നിയമവകുപ്പിന്റെ ഉപദേശം തേടി. ഇതുസംബന്ധിച്ച് വിജിലന്‍സിലും പരാതിലഭിച്ചിരുന്നു. വിരമിച്ചയാള്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍വകലാശാല സ്റ്റാറ്റിയൂട്ടില്‍ വ്യവസ്ഥയില്ലെന്നാണ് നിയമവകുപ്പ് വ്യക്തമാക്കുന്നത്.
Next Story

RELATED STORIES

Share it