kannur local

ജോയിന്റ് ആര്‍ടി ഓഫിസ് തര്‍ക്കത്തിനു വിരാമം

ഇരിട്ടി: ഇരിട്ടി താലൂക്കില്‍ അനുവദിച്ച ജോയിന്റ് ആര്‍ടി ഓഫിസ് ആസ്ഥാനം സംബന്ധിച്ച തര്‍ക്കത്തിന് വിരാമം. ആസ്ഥാനം ഇരിട്ടിയില്‍ തന്നെയാണെന്ന് വ്യക്തമാക്കുന്നതും 10 സ്ഥിരം തസ്തികകളും രണ്ട് ദിവസവേതന തസ്തികകളും അനുവദിച്ചും ഗതാഗത വകുപ്പ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിറങ്ങി.
ജോയന്റ് റിജ്യനണ്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍-1, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍-1, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍-2, ഹെഡ് ക്ലാര്‍ക്ക്-1, ക്ലാര്‍ക്ക്-3, ടൈപിസ്റ്റ്-1, അറ്റന്റര്‍-1 എന്നീ 10 തസ്തികകളാണ് അനുവദിച്ചത്. ഇതു കൂടാതെ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ഡ്രൈവരുടെയും സ്വീപറുടെയും തസ്തികയും അനുവദിച്ചിട്ടുണ്ട്. ഇരിട്ടിയുള്‍പ്പെടെ സംസ്ഥാനത്തെ പുതുതായി അനുവദിച്ച ആറ് സ്ഥലങ്ങളിലെ ആര്‍ടി ഓഫിസുകള്‍ക്കും ഇതേ തസ്തികകള്‍ സൃഷ്ടിച്ചാണ് ഉത്തരവിറക്കിയത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്തെ ഇരിട്ടിയുള്‍പ്പെടെ ആറിടങ്ങളില്‍ ജോയിന്റ് ആര്‍ടി ഓഫിസ് അനുവദിക്കാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥ സംഘം ഇരിട്ടിയിലും മട്ടന്നൂരിലും സ്ഥലം പരിശോധനയ്‌ക്കെത്തിയത് വിവാദത്തിനിടയാക്കി. ആര്‍ടി ഓഫിസ് താലൂക്കിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും സൗകര്യപ്രദമല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റുന്നതായുള്ള പ്രചാരണം ശക്തിപ്പെട്ടത്തോടെ സണ്ണിജോസഫ് എംഎല്‍എയും പ്രതിഷേധവുമായി രംഗത്തെത്തി.
ഇതിനിടെ എംഎല്‍എയുടെ നേതൃത്വത്തില്‍ മേഖലയിലെ പഞ്ചയത്ത് പ്രസിഡന്റുമാരും സിപിഎം നേതാക്കളും ചേര്‍ന്ന് കണ്ണൂരില്‍ വച്ച് മുഖ്യമന്ത്രിയെ നേരില്‍ കണ്ടതോടെയാണ് ആശങ്ക മാറിയത്. ജോയിന്റ് ആര്‍ടി ഓഫിസ് ഇരിട്ടിയില്‍ തന്നെയാണെന്നും മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നുമായിരുന്നു മുഖ്യന്ത്രിയുടെ മറുപടി.


Next Story

RELATED STORIES

Share it