Kottayam Local

ജോമോന് അമേരിക്കയിലെ സോക്കര്‍ ക്ലബ്ബുകളില്‍ പരിശീലനത്തിന് അവസരം

വൈക്കം: അര്‍ഹതയ്ക്ക് അംഗീകാരമായി ജോമോന്‍ എന്ന കായിക പരിശീലകന്‍ അമേരിക്കയിലെ ഏറ്റവും വലിയ സോക്കര്‍ ക്ലബ്ബുകളില്‍ പരിശീലനത്തിന് അവസരം ലഭിച്ചു.
1999ല്‍ ബംഗളുരൂരില്‍ നിന്ന് ഫിസിക്കല്‍ ട്രെയിനിങ് കഴിഞ്ഞ് നാമക്കുഴി എന്ന ഗ്രാമത്തില്‍ തിരിച്ചെത്തിയ ജോമോന്‍ സൗജന്യ കോച്ചിങ് ക്യാംപുകള്‍ സംഘടിപ്പിച്ചാണ് കായിക രംഗത്തേക്കു കടന്നുവന്നത്.
നിരവധി സംസ്ഥാന, ദേശീയ താരങ്ങളെ അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലും കൈപിടിച്ച് ഉയര്‍ത്തിട്ടുണ്ട്. അന്തര്‍ദേശീയ വോളിബോള്‍ താരങ്ങളായ നാമക്കുഴി സഹോദരിമാരുടെ സഹോദരന്‍ കൂടിയാണ് ജോമോന്‍ നാമക്കുഴി.
സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഏറ്റവും മികച്ച കോച്ചിനുള്ള അവാര്‍ഡും കേരളാ ഗവര്‍ണറില്‍ നിന്ന് ഊര്‍ജാ കപ്പിനുള്ള അവാര്‍ഡും ജോമോന്‍ കരസ്ഥമാക്കിയിട്ടുണ്ട്. നാലു മാസത്തെ പരിശീലനം കൊണ്ട് കുലശേഖരമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫുട്‌ബോളിലും ഹോക്കിയിലുമായി 23 സംസ്ഥാന താരങ്ങളെ വാര്‍ത്തെടുത്ത അതുല്യ പ്രതിഭ കൂടിയാണ് ഇദ്ദേഹം. മേവെള്ളൂര്‍ കെഎംഎച്ച്എസിലെ വനിതാ സ്‌പോര്‍ട്ട്‌സ് അക്കാദമിയില്‍ നിന്നും ഒരു പുരുഷ ദേശീയ താരത്തെയും നാമക്കുഴിയില്‍ നിന്നും ഓള്‍ ഇന്ത്യ ഇന്റര്‍ യൂനിവേഴ്‌സിറ്റി താരവും, പെണ്‍കുട്ടികളില്‍ നിന്നും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളെയും 23 ദേശീയ താരങ്ങളെയും 11 അന്തര്‍സര്‍വകലാശാല താരങ്ങളെയും വളര്‍ത്തിയെടുക്കാന്‍ ഈ കാലഘട്ടത്തിനിടയില്‍ സാധിച്ചു.
ഇന്ത്യയില്‍ ആദ്യമായി റോളര്‍ ബാസ്‌കറ്റ് ബോളിന് തുടക്കം കുറിക്കാനും, കുഞ്ഞിരാമന്‍ സ്‌കൂളില്‍ വനിതാ ഫുട്‌ബോള്‍ ആരംഭിക്കാനും ജോമോന് കഴിഞ്ഞിട്ടുണ്ട്.
ഈ മികവുകളുടെ അടിസ്ഥാനത്തിലാണ് അമേരിക്കയിലെ രണ്ട് പ്രമുഖ ഫുട് ക്ലബ്ബുകളില്‍ പരിശീലനത്തിനുള്ള അവസരം ലഭിച്ചത്.
അമേരിക്കയിലെ പരിശീലനത്തിനു മുന്നോടിയായി ബംഗളുരൂരില്‍ നടക്കുന്ന രണ്ടുമാസത്തെ ട്രെയിനിങിനായി ജോമോന്‍ ഇന്നു പുറപ്പെടും. കുലശേഖരമംഗലം സ്‌കൂളില്‍ ജോമോന്റെ അധ്യാപകരും ശിഷ്യഗണങ്ങളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
Next Story

RELATED STORIES

Share it