ജോമോന്‍ പുത്തന്‍പുരക്കലില്‍നിന്ന് മൊഴിയെടുത്തു

ആലുവ: ജിഷ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്നാരോപണം ഉന്നയിച്ച് പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10 മണി മുതല്‍ ആലുവ പോലിസ് ക്ലബ്ബില്‍ വച്ചാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. രാത്രിയിലും മൊഴിയെടുപ്പ് തുടര്‍ന്നു. ജിഷ വധവുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിലെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നേരത്തേ പരാതി നല്‍കിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കണമെന്ന് ജോമോനോട് പോലിസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ മേധാവി എഡിജിപി സന്ധ്യ ക്യാംപ് ചെയ്യുന്ന പോലിസ് ക്ലബ്ബില്‍ ഇന്നലെ രാവിലെ പത്തു മണിയോടെ ജോമോന്‍ എത്തിയത്. ഈ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
20 വര്‍ഷത്തോളമായി ജിഷയുടെ അമ്മയുടെ കുടുംബവുമായി കോണ്‍ഗ്രസ് നേതാവിനും കുടുംബത്തിനും ബന്ധമുണ്ട്. കൊലപാതകം നടന്ന് ദിവസങ്ങളോളം ഇത് മറച്ചുവച്ചതാണ് തെളിവുകള്‍ നശിക്കാന്‍ ഇടയാക്കിയതെന്നും ആദ്യ അന്വേഷണത്തില്‍ ഏറെ പിഴവുകള്‍ ഉള്ളതായും ജോമോന്‍ ആരോപിച്ചു. കോണ്‍ഗ്രസ് നേതാവിനെ സഹായിച്ച ചില പോലിസ് ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണ സംഘത്തിലും ഉണ്ട്.
തന്റെ പക്കലുള്ള തെളിവുകള്‍ തല്‍ക്കാലം മാധ്യമങ്ങളുമായി ഇപ്പോള്‍ പങ്കുവയ്ക്കുന്നില്ല. അതെല്ലാം അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ജിഷയുടെ അമ്മയ്ക്കും ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിനും നിഷേധിക്കാന്‍ കഴിയാത്ത തെളിവുകളാണ് താന്‍ കൈമാറിയതെന്നും ജോമോന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it