ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

തിരുവല്ല: പ്രശസ്ത ചലച്ചിത്രകാരന്‍ പത്തനംതിട്ട തിരുവല്ല ഇരവിപേരൂര്‍ ശങ്കരമംഗലത്ത് ടി സി ജോണ്‍ (ജോണ്‍ ശങ്കരമംഗലം- 84) അന്തരിച്ചു. ദീര്‍ഘകാലം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായിരുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ഇദ്ദേഹം വിവിധ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: പെരുമ്പളത്ത് മാരിയത്ത് കുടുംബാംഗം മറിയാമ്മ ജോണ്‍. മക്കള്‍: ആനി (പൂനെ സീെമന്‍സ് ഇന്റര്‍നാഷനലില്‍ എന്‍ജിനീയര്‍), സുദര്‍ശന്‍ ചാക്കോ ജോണ്‍ (പൂനെ ടെക് മഹീന്ദ്ര സീനിയര്‍ ഓഫിസര്‍). മരുമക്കള്‍: ഇമ്മാനുവല്‍, ഷാരണ്‍ സുദര്‍ശന്‍.
സംവിധാനം, തിരക്കഥ തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടിയ ജോണ്‍ ശങ്കരമംഗലം പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നു വിരമിച്ച ശേഷം ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ഏഴു വര്‍ഷം പ്രിന്‍സിപ്പലായും പിന്നീട് കോളജ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പരീക്ഷണ സിനിമകളിലൂടെയാണ് ചലച്ചിത്രലോകത്ത് ഇദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചത്. രണ്ടു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാലു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
ചങ്ങനാശ്ശേരി എസ്ബി കോളജിലും മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമായിരുന്നു വിദ്യാഭ്യാസം. 19ാം വയസ്സില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായി. പിന്നീട് 1962ല്‍ ജോലി രാജിവച്ച് പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് തിരക്കഥാ രചനയിലും സംവിധാനത്തിലും ഒന്നാം റാങ്കോടെ ഡിപ്ലോമ നേടി. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നല്ലൊരു നടനും നാടക സംവിധായകനുമായിരുന്നു. തമിഴ്‌നാട് ടാക്കീസിന്റെ ജയശ്രീ എന്ന തമിഴ് ചിത്രത്തിനു വേണ്ടി കഥയെഴുതിയാണ് സിനിമാരംഗത്തു വന്നത്.
മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത് 1969ല്‍ ഇദ്ദേഹം സംവിധാനം ചെയ്ത ജന്മഭൂമി എന്ന ചിത്രത്തിനായിരുന്നു. ഫിലിം ഡിവിഷനും സംസ്ഥാന സര്‍ക്കാരിനും വേണ്ടി ഒരു ഡസനോളം ഡോക്യുമെന്ററി ചിത്രങ്ങളും നിര്‍മിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ ജൂറി അംഗമായും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രേംനസീര്‍ നായകനായ അവള്‍ അല്‍പം വൈകിപ്പോയി, കൊട്ടാരക്കരയും മധുവും പ്രധാന വേഷങ്ങള്‍ ചെയ്ത ജന്മഭൂമി, ബാബു നമ്പൂതിരിയും സൂര്യയും മുഖ്യവേഷങ്ങളിലെത്തിയ സമാന്തരം, ശ്രീനിവാസന്‍ നായകനായ സാരാംശം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍. ഇതില്‍ ജന്മഭൂമിക്ക് ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡും മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it