Flash News

ജോണ്‍ എഫ് കെന്നഡി വധത്തിലെ ദുരൂഹത : ഫയലുകള്‍ പുറത്തുവിടാന്‍ ട്രംപ്; സമ്മര്‍ദവുമായി എഫ്ബിഐ



വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ജെ എഫ് കെന്നഡിയുടെ കൊലപാതക കാരണം വ്യക്തമാക്കുന്ന രഹസ്യ ഫയലുകള്‍ പുറത്തുവിടാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. എന്നാല്‍, എഫ്ബിഐ, സിഐഎ ഏജന്‍സികളുടെ സമ്മര്‍ദത്താല്‍ ഉത്തരവ് പിന്നീട് പിന്‍വലിച്ചു. രാജ്യസുരക്ഷയാണു രേഖകള്‍ തടഞ്ഞതിനു കാരണമായി പറയുന്നത്. ചില രേഖകള്‍ വെബ്‌സൈറ്റ് വഴി പുറത്തുവിട്ടെങ്കിലും ഇതില്‍ കൊലപാതക കാരണം വ്യക്തമല്ല. കെന്നഡിയുടെ കൊലപാതകവുമായി 2800 രേഖകളാണു ട്രംപ് പുറത്തുവിട്ടത്. കെന്നഡി വധവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിനു പേജുകളടങ്ങിയ രേഖകളാണ് രഹസ്യമായി സൂക്ഷിച്ചിട്ടുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ടു നാഷനല്‍ ആര്‍ക്കൈവ്‌സിലുള്ള ഫയലുകള്‍ വിശകലനം ചെയ്യാന്‍ ട്രംപ് 180 ദിവസം അനുവദിച്ചു. അടുത്ത മാര്‍ച്ച് 12നാണു ബാക്കിയുള്ള രേഖകള്‍ പുറത്തുവിടുക. മറ്റ് പ്രധാന രേഖകള്‍ പുറത്തുവിടുന്നതു വരെ കൊലപാതക കാരണം ദുരൂഹമായി തുടരും.1963 നവംബര്‍ 22ന് ഉച്ചയ്ക്കു 12.30നാണു ജോണ്‍ എഫ് കെന്നഡി വെടിയേറ്റു മരിച്ചത്. ലീ ഹാര്‍വി ഓസ്വാള്‍ഡ് എന്ന സാധാരണക്കാരന്റെ കൈകളാലാണു കെന്നഡി കൊല്ലപ്പെട്ടത്. കൊലപാതക കാരണം ഇതുവരെ പുറംലോകം അറിഞ്ഞിട്ടില്ല. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ 54 വര്‍ഷമായി ഇതു രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ക്യൂബ, സോവിയറ്റ് യൂനിയനുകള്‍ക്ക് കെന്നഡിയുടെ മരണത്തില്‍ പങ്കുണ്ടെന്നു പ്രചരിച്ചിരുന്നു. ഓസ്വാള്‍ഡിന് ഇവരുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല.ഡാലസിലുള്ള ഒരു കെട്ടിടത്തിലെ ആറാം നിലയില്‍ പ്രവര്‍ത്തിച്ച സ്‌കൂള്‍ ബുക്ക് ഡിപ്പോയിലെ ജീവനക്കാരനായിരുന്നു 24കാരനായ ഓസ്വാള്‍ഡ്. ആ കെട്ടിടത്തില്‍ വച്ചാണു വെടിയുതിര്‍ത്തത്. കെന്നഡിയെ വധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓസ്വാള്‍ഡും കൊല്ലപ്പെട്ടു. ജാക്ക് റൂബി എന്ന നിശാ ക്ലബ്ബ് ഉടമയാണ് ഓസ്വാള്‍ഡിനെ വധിച്ചത്. ജയിലില്‍ വച്ച് കാന്‍സര്‍ ബാധിച്ച് ജാക്ക് റൂബിയും മരിച്ചു.
Next Story

RELATED STORIES

Share it