ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 55 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണം

ന്യൂയോര്‍ക്ക്: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരേ ഹരജി നല്‍കിയ യുഎസ് വനിതയ്ക്ക് 55 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതുമൂലം തനിക്ക് അണ്ഡാശയത്തില്‍ അര്‍ബുദം ബാധിച്ചതായി കാണിച്ച് ഗ്ലോറിയ റിസ്‌റ്റെസണ്ട് (62) സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവിട്ടത്. മൂന്നാഴ്ച നീണ്ട വിചാരണ പൂര്‍ത്തിയാക്കിയ ശേഷമാണ് മിസ്സോറി ഹൈക്കോടതിയുടെ ഉത്തരവ്.
പതിറ്റാണ്ടുകളായി താന്‍ ജനനേന്ദ്രിയത്തില്‍ ഈ പൗഡര്‍ ഉപയോഗിച്ചുവരുകയാണെന്നും അതുമൂലമാണ് തനിക്ക് അര്‍ബുദം ബാധിച്ചതെന്നും ഇവര്‍ പറയുന്നു. ഇതിനു പിന്നാലെ നിരവധി ശസ്ത്രക്രിയകള്‍ക്കു വിധേയയാകേണ്ടി വന്നു. നിരവധി മരുന്നുകള്‍ കഴിക്കേണ്ടി വന്നു. ഇപ്പോള്‍ അസുഖം ഭേദപ്പെട്ടുവരുകയാണ്. ഉത്തരവിനെതിരേ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് കമ്പനി അറിയിച്ചു. രണ്ടാംതവണയാണ് കമ്പനി വിചാരണയില്‍ പരാജയം ഏറ്റുവാങ്ങുന്നത്. ഉല്‍പന്നങ്ങളുടെ ഉപയോഗത്തിലൂടെ അര്‍ബുദത്തിനു സാധ്യതയുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നില്ലെന്നാരോപിച്ച് 1200ഓളം ഹരജികളാണ് ഇതുവരെ കമ്പനിക്കെതിരേ സമര്‍പിച്ചിട്ടുള്ളത്. ഉല്‍പന്നങ്ങളുടെ അര്‍ബുദത്തിനു സാധ്യത ഗവേഷകരും സ്ഥിരീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it