ജോണി നെല്ലൂരിന് സിപിഎം പിന്തുണയില്ല; നികേഷ് കുമാറിന് പാര്‍ട്ടി ചിഹ്നം

തിരുവനന്തപുരം: കോതമംഗലത്ത് കേരള കോണ്‍ഗ്രസ് (ജേക്കബ്) വിട്ട് പുറത്തുവന്ന ജോണി നെല്ലൂരിനെ പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ ബ്ലോക് സെക്രട്ടറിയുമായ ആന്റണി ജോണ്‍ ഇവിടെ സിപിഎം സ്ഥാനാര്‍ഥിയാവും.
തൊടുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അഡ്വ. റോയി വാരിക്കാട്ടിന് പിന്തുണ നല്‍കും. അഴീക്കോട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനു പാര്‍ട്ടി ചിഹ്നം അനുവദിക്കും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനങ്ങള്‍.
കോതമംഗലത്തിലും തൊടുപുഴയിലും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതോടെ സിപിഎം മല്‍സരിക്കുന്ന 92 സീറ്റുകളിലും സ്ഥാനാര്‍ഥികളായി. കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് നികേഷിന് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. നികേഷിനെ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. കണ്ണൂര്‍ ജില്ലാകമ്മിറ്റിയാണ് നികേഷിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ആദ്യം നിര്‍ദേശിച്ചത്.
എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും എന്ന വിലയിരുത്തലില്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി തന്നെ പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്ന് പിന്നീട് ആവശ്യപ്പെടുകയായിരുന്നു.
താഴേതട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പാര്‍ട്ടി ചിഹ്നത്തിലല്ലാത്ത സ്ഥാനാര്‍ഥിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണു കണ്ണൂര്‍ ജില്ലാകമ്മിറ്റിയുടെ വിലയിരുത്തല്‍. അഴീക്കോട് മണ്ഡലത്തില്‍ ഇതുവരെ സിപിഎം സ്ഥാനാര്‍ഥികള്‍ മാത്രമാണ് ഇടതുപക്ഷത്തിനായി മല്‍സരിച്ചിട്ടുള്ളതെന്നും പരിചയമില്ലാത്ത ചിഹ്നമാണെങ്കില്‍ പരമ്പരാഗത വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാവുമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ അഭിപ്രായമുയര്‍ന്നിരുന്നു. സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിച്ചാല്‍ നികേഷ് സിഎംപിയുടെ സ്ഥാനാര്‍ഥിയാണെന്ന് വോട്ടര്‍മാര്‍ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ടായിരുന്നു.
അതേസമയം, എല്‍ഡിഎഫില്‍ കോതമംഗലം സീറ്റ് ലക്ഷ്യംവച്ച് യുഡിഎഫ് വിട്ട ജോണി നെല്ലൂരിനെ പിന്തുണയ്ക്കുന്നതിനെതിരേ സിപിഎം എറണാകുളം ജില്ലാകമ്മിറ്റി രംഗത്തു വരുകയായിരുന്നു.
Next Story

RELATED STORIES

Share it