ജോകോവിച്ച്, ഫെഡറര്‍, സെറീന മൂന്നാം റൗണ്ടില്‍

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരും ലോക ഒന്നാം നമ്പര്‍ താരങ്ങളുമായ സെര്‍ബിയയുടെ നൊവാക് ജോകോവിച്ചും അമേരിക്കയുടെ സെറീന വില്യംസും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇരുവര്‍ക്കും പുറമേ മുന്‍ ജേതാക്കളായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററും റഷ്യയുടെ മരിയ ഷറപ്പോവയും ജയത്തോടെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.
എന്നാല്‍, വനിതകളില്‍ മുന്‍ വിംബിള്‍ഡണ്‍ ജേതാവും ലോക എട്ടാം നമ്പര്‍ താരവുമായ ചെക്ക് റിപബ്ലിക്കിന്റെ പെട്രാ ക്വിറ്റോവ അട്ടിമറി തോല്‍വിയോടെ പുറത്തായി. പുരുഷ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ ക്യുന്റിന്‍ ഹാല്യസിനെയാണ് 6-1, 6-2, 7-6 എന്ന സ്‌കോറിന് രണ്ടാംറൗണ്ടില്‍ ജോകോവിച്ച് പരാജയപ്പെടുത്തിയത്. ലോക മൂന്നാം നമ്പര്‍ താരമായ ഫെഡറര്‍ ഉക്രെയ്‌നിന്റെ അലെക്‌സാണ്ടര്‍ ഡൊല്‍ഗോപോലോവിനെ 6-3, 7-5, 6-1 എന്ന സ്‌കോറിന് മറികടക്കുകയായിരുന്നു. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ ഫെഡററുടെ 299ാം ജയം കൂടിയായിരുന്നു ഇത്.
വനിതാ സിംഗിള്‍സില്‍ ചൈനീസ് തായ്‌പേയിയുടെ ഷു വെയിക്കെതിരേ അനായാസമായിരുന്നു സെറീനയുടെ ജയം. സ്‌കോര്‍: 6-1, 6-2. ഷറപ്പോവ ബെലാറസിന്റെ അലെക്‌സാന്‍ഡ്ര സാസ്‌നോവിച്ചിനെ 6-2, 6-1 എന്ന സ്‌കോറിന് തുരത്തിയപ്പോള്‍ ക്വിറ്റോവയെ ആസ്‌ത്രേലിയയുടെ 21 കാരിയായ ഡാരിയ ഗവ്‌റിലോവ 6-4, 6-4 എന്ന സ്‌കോറിന് വീഴ്ത്തുകയായിരുന്നു.
മറ്റു മല്‍സരങ്ങളില്‍ പോളണ്ടിന്റെ അഗ്‌നിയേസ്‌ക റഡ്‌വാന്‍സ്‌ക 6-4, 6-2ന് കാനഡയുടെ യുജേനിയ ബൗചാര്‍ഡിനെയും ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി 6-2, 6-3ന് അമേരിക്കയുടെ ഇറിന ഫാല്‍കോനിയെയും ജപ്പാന്റെ കെയ് നിഷിങ്കോരി 6-3, 7-6, 6-3ന് അമേരിക്കയുടെ ഓസ്റ്റിന്‍ ക്രാജിക്കിനെയും ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ 7-5, 6-1, 6-4ന് ആസ്‌ത്രേലിയയുടെ ഒമര്‍ ജാസിക്കയെയും ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ച് 6-4, 6-0, 6-3ന് ബോസ്‌നിയയുടെ മിര്‍സ ബാസിക്കിനെയും തോല്‍പ്പിച്ച് മൂന്നാം റൗണ്ടില്‍ കടന്നു.
Next Story

RELATED STORIES

Share it