Kottayam Local

ജൈവ പച്ചക്കറി ഉല്‍പാദനം 86 ശതമാനം വര്‍ധിച്ചു: മന്ത്രി കെ പി മോഹനന്‍

കോട്ടയം: സംസ്ഥാനത്ത് ജൈവ പച്ചക്കറി ഉല്‍പാദനം 86 ശതമാനം വര്‍ധിച്ചതായി മന്ത്രി കെ പി മോഹനന്‍. കുട്ടനാടു പാക്കേജില്‍പ്പെടുത്തി നിര്‍മിച്ച 5000 മെട്രിക് ടണ്‍ നെല്ലു സംഭരണശേഷിയുള്ള മോഡേണ്‍ റൈസ് മില്‍ സൈലോയുടെ ഉദ്ഘാടനം ഓയില്‍ പാം അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടു വര്‍ഷം മുമ്പ് 22 ശതമാനം മാത്രമായിരുന്ന പച്ചക്കറി ഉല്‍പാദനം വര്‍ധിച്ചത് വിദ്യാര്‍ഥികളും സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളുമെല്ലാം പച്ചക്കറിയില്‍ സ്വയംപര്യാപ്തത എന്ന ആശയം ഏറ്റെടുത്തതു കൊണ്ടാണ്. മോഡേണ്‍ റൈസ് മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന അരി കുട്ടനാട് റൈസ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കി. കുട്ടനാടു പാക്കേജില്‍ പെടുത്തി മോഡേണ്‍ റൈസ് മില്‍ സൈലോയ്ക്ക് അനുവദിച്ച 10 കോടി ഗ്രാന്റായി നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊക്കാളി, കൈപ്പാട് എന്നീ ജ്യോഗ്രഫിക് വൈവിധ്യമുള്ള നെല്ലുകളും ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ സര്‍ട്ടിഫിക്കേഷനോടെ ബ്രാന്‍ഡ് ചെയ്യും. കേര സമൃദ്ധി പദ്ധതിയില്‍പ്പെടുത്തി ആറു ലക്ഷത്തിവധികം തെങ്ങിന്‍തൈകള്‍ വച്ചു പിടിപ്പിച്ചിട്ടുണ്ട്. നാളികേരം കൃഷിഭവനു നല്‍കി കൂടുതല്‍ വില ഉറപ്പാക്കാന്‍ നാളികേര കര്‍ഷകര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
കെ അജിത്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടര്‍ കെ എന്‍ രവീന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, വെച്ചൂര്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ശകുന്തള, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ കെ രഞ്ജിത്ത്, ഓയില്‍ പാം ഡയറക്ടര്‍മാരായ എന്‍ എം നായര്‍, സി ആര്‍ നജീബ്, പാം ഓയില്‍ ചെയര്‍മാന്‍ ഷെയ്ക്ക് പി ഹാരിസ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it