kasaragod local

ജൈവ ജില്ല പ്രഖ്യാപനം പാഴ് വാക്കായി; രണ്ടു വര്‍ഷംകൊണ്ടു ചെലവഴിച്ചത് പത്തേകാല്‍കോടി

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ല ജൈവ ജില്ലയായി പ്രഖ്യാപിച്ചത് പാഴ് വാക്കായി. പ്രഖ്യാപനത്തിന്റെ പേരില്‍ ചെലവഴിച്ചത് പത്തേക്കാല്‍കോടി.2012ലാണ് കൃഷി മന്ത്രി കെ പി മോഹനന്‍ ജില്ലയെ ജൈവജില്ലായായി പ്രഖ്യാപിച്ചത്. ഇതിന് വേണ്ടി പ്രത്യേക ഫണ്ടും നീക്കിവച്ചിരുന്നു. എന്നാല്‍ ഒരു ജൈവകര്‍ഷകനും ഒരു ആനൂകൂല്യവും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല സെമിനാറുകളുടെയും ക്ലാസുകളുടെയും പേരില്‍ പത്തേക്കാല്‍കോടി സര്‍ക്കാര്‍ തുലച്ചു. ജൈവ ജില്ലയായി പ്രഖ്യാപനം നടത്തിയെങ്കിലും കര്‍ഷകര്‍ക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ല.
ഉല്‍പന്നങ്ങള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കാന്‍ സംവിധാനമില്ലാതെ ജൈവ ഉല്‍പന്നങ്ങള്‍ക്ക് വിപണിയും ലഭിക്കുന്നില്ല. ജൈവ ഉല്‍പന്നമാണെന്ന് സര്‍ട്ടിഫൈ ചെയ്യാന്‍ സര്‍ക്കാര്‍ സംസ്ഥാന വെജിറ്റബിള്‍ ആന്റ് ഫ്രൂട്‌സ് പ്രമോഷന്‍ കൗണ്‍സിലിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. ഇതിനു വേണ്ട തയാറെടുപ്പുകള്‍ എടുക്കുമ്പോഴേക്കും കൗണ്‍സിലിനെ ഈ രംഗത്തു നിന്നും ഒഴിവാക്കി പിന്നീട് അധികാരം കൃഷി വകുപ്പിലേക്ക് തന്നെ മാറ്റി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കൃഷി വകുപ്പ് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് ജൈവകര്‍ഷക ജില്ലാ സമിതി പറയുന്നത്.
ഗ്രൂപ്പുകള്‍ തമ്മിലുള്ള ഗാരണ്ടി (പ്രോപ്പര്‍ട്ടി ഗാരണ്ടി സ്‌കീം) സംവിധാനത്തില്‍ സര്‍ട്ടിഫിക്കേഷന്‍ നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്നു ജൈവ കര്‍ഷക സമിതി നിര്‍ദേശം വച്ചിരുന്നു. ഇതു അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു ഗ്രൂപ്പ് ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങളെ മറ്റൊരു ഗ്രൂപ്പ് വിലയിരുത്തുന്നതാണ് പിജിഎസ്. ഇപ്പോഴാകട്ടെ ജൈവ ഉല്‍പന്നമാണന്നും തെളിയിക്കാന്‍ കര്‍ഷകര്‍ക്കും വിശ്വാസ്യത വരുത്താനും ഉപഭോക്താക്കള്‍ക്കും വഴിയില്ല. ഇതു കാരണം കര്‍ഷകന്റെ ജൈവ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വിലയും ലഭിക്കുന്നില്ല. സര്‍ക്കാറിനു യാതൊരു ബാധ്യതയും വരുത്തിവയ്ക്കുന്നതല്ല ജൈവ സര്‍ട്ടിഫിക്കേഷന്‍ എന്നിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അമാന്തം കാട്ടുകയാണെന്ന് പരാതിയുണ്ട്.
ജൈവ കൃഷിയുടെ പേരില്‍ തങ്ങള്‍ക്ക് ഒരുവിധ സൗജന്യങ്ങളോ സബ്‌സിഡികളോ ആവശ്യമില്ലെന്നു കര്‍ഷക സമിതി നേതാക്കള്‍ പറയുന്നു. ജൈവ കര്‍ഷകരുടെ പേരില്‍ അനുഭവിക്കുന്ന കോടികണക്കിന് രൂപ സാമ്പത്തിക വര്‍ഷാവസാനത്തില്‍ ധൂര്‍ത്തടിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it