palakkad local

ജൈവ-അജൈവ മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകള്‍ ; സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചയിലൊരിക്കല്‍ ശുചീകരിക്കണം



പാലക്കാട്: മാലിന്യരഹിത സിവില്‍ സ്റ്റേഷന്‍ പ്രഖ്യാപനം നവംബര്‍ ഒന്നിന് നടത്താന്‍ ജില്ലാ ശുചിത്വമിഷന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസുകളിലും ഒമ്പതിന് ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേരും. നവംബര്‍ ഒന്നിന് മുമ്പ് സംസ്ഥാന ശുചിത്വമിഷന്റെ പരിശോധനാ വിഭാഗം ഓഫിസുകള്‍ സന്ദര്‍ശിക്കും. ഇതിനുമുമ്പ് എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കേണ്ടത് അതത് ഓഫിസ് മേധാവികളുടെ ചുമതലയാണെന്ന് യോഗം വിലയിരുത്തി. എല്ലാ ഓഫിസിലും ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേക ബിന്നുകള്‍  വാങ്ങണം. മാലിന്യങ്ങള്‍ സിവില്‍ സ്റ്റേഷനില്‍ തന്നെ സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കും. സര്‍വീസ് സംഘടനകളുടെ ബോര്‍ഡുകള്‍ വയ്ക്കുന്നതിന് നിശ്ചിത സ്ഥലം അനുവദിക്കും. ഇതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സര്‍വീസ് സംഘടനകളുടെ യോഗം ഉടന്‍ ചേരും.എല്ലാ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫിസറുടെ നേതൃത്വത്തില്‍ ആഴ്ചയില്‍ ഒരു ദിവസം കുറച്ച് നേരം ഓഫിസ് ശുചീകരണത്തിന് മാറ്റിവയ്ക്കും.ഓഫിസിലെ ശുചിമുറികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ഫയലുകള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ ക്രമീകരണം ഓരോ ജീവനക്കാരന്റേയും ചുമതലയാണ്. പ്ലാസ്റ്റിക്ക് കുപ്പികള്‍, ടിഫിന്‍ ബോക്‌സ് എന്നിവയ്ക്ക് പകരം സ്റ്റീല്‍ ഉപയോഗിക്കണം. ഉപയോഗയോഗ്യമല്ലാത്ത സാമഗ്രികള്‍ ലേലം ചെയ്ത് നീക്കാനുള്ള നടപടി സ്വീകരിക്കും.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ എഡിഎം എസ് വിജയന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡി ബിനുമോള്‍, ജില്ലാ ആസൂത്രണസമിതിയിലെ സര്‍ക്കാര്‍ നോമിനി ഡോ.സോമശേഖരന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വൈ കല്ല്യാണകൃഷ്ണന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, ഐആര്‍ടിസി റിസര്‍ച്ച് കോ-ഓഡിനേറ്റര്‍ ബി എം മുസ്തഫ സംസാരിച്ചു.
Next Story

RELATED STORIES

Share it