malappuram local

ജൈവസമ്പുഷ്ടമായ കടലിന്റെ അടിത്തട്ട് ഇല്ലാതായെന്ന് വിദഗ്ധര്‍

പൊന്നാനി: ഓഖി ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങളും മരണങ്ങളും വരുത്തിയതിനു പുറമെ കടലിന്റെ അടിത്തട്ട് ഇല്ലാതാക്കിയെന്ന് വിദഗ്ധര്‍. ഓഖിക്ക് മുമ്പുണ്ടായിരുന്ന ജൈവ സമ്പുഷ്ടമായ കടലിന്റെ അടിത്തട്ട് പാടേ ഇല്ലാതായെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കടല്‍ പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ് ആവശ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, കടലില്‍ സംഭവിച്ചത് സാധാരണ മണ്‍സൂണ്‍ കാലത്ത് സംഭവിക്കുന്നത് മാത്രമാണെന്നാണ് മറ്റ് ചിലരുടെ വാദം. കോവളത്തെ അണ്ടര്‍ വാട്ടര്‍ അഡ്വഞ്ചറസ് ഗ്രൂപ്പായ ബോണ്ട് ഏഷ്യന്‍ സഫാരി പകര്‍ത്തിയ ചിത്രങ്ങളിലൂടെയാണ് കടലിന്റെ അടിത്തട്ടില്‍ ഭീമമായ പരിസ്ഥിതി നാശം സംഭവിച്ചത് തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും ലഭ്യമായത്. നഷ്ടപ്പെട്ട ആവാസവ്യവസ്ഥയിലേക്ക് തിരികെയെത്താന്‍ മാസങ്ങള്‍ എടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കടലില്‍ ഉണ്ടായിരിക്കുന്ന മാറ്റം മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതിന് മറുവാദവുമായി മറ്റ് ചില പരിസ്ഥിതി വിദഗ്ധരും രംഗത്തുണ്ട്. പരിസ്ഥിതി നാശമെന്ന് ഇതിനെ കണക്കാക്കാനാവില്ലെന്നും മണ്‍സൂണ്‍ ആവര്‍ത്തിക്കപ്പെട്ട സാഹചര്യം മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്നുമാണ് ഇവരുടെ പക്ഷം. കടലിന്റെ അടിത്തട്ടില്‍ ഇളക്കം സംഭവിച്ചിട്ടുണ്ടെന്നും അത് സ്വാഭാവിക പ്രകൃതിയിലേക്ക് മടങ്ങിവരാന്‍ സമയമെടുക്കുമെന്ന് പറയുമ്പോഴും മത്സ്യസമ്പത്തിലോ, ജൈവവൈവിധ്യത്തിനോ അത് പരിക്കേല്‍പ്പിക്കില്ലെന്ന അഭിപ്രായമാണ് സമുദ്ര ഗവേഷകനും ശാസ്ത്രജ്ഞനുമായ കെ ജി പത്മകുമാര്‍ പങ്കുവയ്ക്കുന്നത്. അടിത്തട്ടിലെ ഇളക്കവും കടലിന്റെ കലങ്ങിമറിയലും പ്രധാനമായും ബാധിക്കുക കടലിലെ ഭക്ഷ്യശൃംഖലയെയാണ്. സൂക്ഷ്മ സസ്യങ്ങളെയും മറ്റും ആശ്രയിച്ച് കഴിയുന്ന മല്‍സ്യവ്യൂഹങ്ങളുണ്ട്. അവയ്ക്കുണ്ടാവുന്ന ഭക്ഷ്യക്ഷാമം അവയുടെ പ്രത്യുല്‍പ്പാദനത്തെ ബാധിക്കും. എന്നാല്‍, വേനല്‍ക്കാലം കൂടി വരുന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ കടലില്‍ സൂക്ഷ്മസസ്യങ്ങള്‍ പെരുകാനിടയുണ്ട്. സൂക്ഷ്മ സസ്യങ്ങള്‍ കൂടുന്നത് ചില മല്‍സ്യങ്ങളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കും. മണ്‍സൂണില്‍ ഉണ്ടാവുന്നതാണ് ഇപ്പോഴത്തേത്. അത് മത്തി, അയല തുടങ്ങിയ ഉപരിതല മല്‍സ്യങ്ങളുടെ വര്‍ധനയ്ക്ക് കാരണമാവും. അത് ഉടനെ സംഭവിക്കുന്ന കാര്യമല്ല. രണ്ട് മാസങ്ങള്‍ക്കുശേഷം അങ്ങനെയൊരു അവസ്ഥയുണ്ടായി വരും. മണ്‍സൂണ്‍ കാലത്ത് അപ്‌വെല്ലിങ് സംഭവിച്ച് അടിത്തട്ടിളകി മുകളിലേക്ക് വരുന്നതുകൊണ്ടാണ് വെള്ളത്തില്‍ മൂലകങ്ങളും പോഷകങ്ങളും വര്‍ധിക്കുന്നത്. മൂലകങ്ങള്‍ വര്‍ധിച്ചാല്‍ ഉടന്‍ സൂക്ഷ്മസസ്യങ്ങളും പെരുകും. സൂക്ഷ്മസസ്യങ്ങള്‍ മല്‍സ്യങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പക്ഷേ, അടിത്തട്ടിലുള്ള മല്‍സ്യങ്ങള്‍ക്ക് ഭക്ഷണത്തിന് പ്രയാസമുണ്ടാവും. വളരെപ്പെട്ടെന്നുള്ള ഫലം നോക്കിയാല്‍ മല്‍സ്യസമ്പത്ത് കുറയും, പക്ഷേ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപരിതല മല്‍സ്യങ്ങള്‍ കൂടുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. അടിത്തട്ട് ഇളകിയത് വഴി വലിയ നാശം സംഭവിക്കുന്നത് ചെമ്മീന്‍, കണവ, കക്ക തുടങ്ങിയ ജീവികള്‍ക്കാണ്. ഇവയെല്ലാം അടിത്തട്ടില്‍ ജീവിക്കുന്നവയാണ്. കേരളത്തില്‍ അടിത്തട്ട് മുഴുവന്‍ മറിച്ചുകൊണ്ടുള്ള മല്‍സ്യബന്ധന രീതിയാണ് നിലവിലുള്ളത്. കേരളത്തിന്റെ തീരക്കടലും മറ്റ് ഭാഗങ്ങളെപ്പോലെ ജൈവസമൃദ്ധമാണ്. ട്രോളിങ് നിരോധനമില്ലാത്ത സമയങ്ങളില്‍ 4,500 ബോട്ടുകള്‍ അടിത്തട്ട് വരെ ഇളക്കിമറിക്കുന്ന സമ്പ്രദായമാണ് കേരളത്തില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ തീരക്കടലിന് ഇത് പുത്തരിയല്ല. ട്രോളിങ്ങിന് സമാനമായ ഇളക്കിമറിക്കലാണ് ഇപ്പോള്‍ ഓഖിയിലൂടെ നടിട്ടുള്ളത്. അല്‍പം സമയമെടുത്തായാലും കടല്‍ അതിന്റെ പൂര്‍വ്വ സ്ഥിതിയിലാവും. പക്ഷേ, ഇതിന്റെ ഉടനെയുള്ള ഫലം കണക്കിലെടുത്താല്‍ അടിത്തട്ടിലെ മല്‍സ്യങ്ങളുടെ ഉത്പാദനത്തില്‍ വലിയ കുറവുണ്ടാവുകയാണ് ചെയ്യുക. ചെമ്മീന്‍, കണവ എന്നിവയ്ക്ക് പുറമെ പവിഴപ്പുറ്റുകളില്‍ വളരുന്ന കിളിമീന്‍ തുടങ്ങിയ നിറമുള്ള മല്‍സ്യങ്ങളുടെ ഉല്‍പാദനവും കുറയും.
Next Story

RELATED STORIES

Share it