wayanad local

ജൈവവൈവിധ്യ പരിപാലനം സമൂഹത്തിന്റെ കര്‍ത്തവ്യം ; മാര്‍ഗനിര്‍ദേശങ്ങളുമായി ശില്‍പശാല



കല്‍പ്പറ്റ: ജൈവവൈവിധ്യം പരിപാലിക്കുന്നത് സമൂഹത്തിന്റെ കര്‍ത്തവ്യമാണെന്ന് ഓര്‍മപ്പെടുത്തി ഏകദിന ശില്‍പശാല. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി നടത്തിയ ജൈവവൈവിധ്യ പരിപാലന സമിതികളുടെ ശാക്തീകരണം എന്ന വിഷയത്തില്‍ ബിഎംസി അംഗങ്ങള്‍ക്കുള്ള ഏകദിന ശില്‍പശാലയുടെ ഉദ്ഘാടനം കലക്ടറേറ്റിലെ ആസൂത്രണ ഭവനില്‍ സി കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ബിഎംസി അംഗങ്ങള്‍ക്ക് അവരുടെ കടമയെക്കുറിച്ചും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി അവരെ കൂടുതല്‍ പ്രവര്‍ത്തന സജ്ജരാക്കുക എന്നതാണ് ശില്‍പശാലയുടെ ഉദ്ദേശ്യം. ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങള്‍, ജൈവവൈവിധ്യ രജിസ്റ്റര്‍ അടിസ്ഥാനമായുള്ള കര്‍മപദ്ധതികള്‍ എന്നതു സംബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. ഡോ. ഉമ്മന്‍ വി ഉമ്മന്‍ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ ഏറ്റവും ജൈവ വൈവിധ്യ ജില്ലയായ വയനാടിന്റെ ജൈവസമ്പത്ത് സംരക്ഷിക്കുകയെന്നതു നമ്മുടെ ഉത്തരവാദിത്തമാണെന്നും ജൈവവൈവിധ്യത്തിന്റെ കാവല്‍ സംഘങ്ങളായി പ്രവര്‍ത്തിക്കേണ്ട നിയമപരമായ സമിതികളാണ് ബിഎംസി എന്നും പ്രദേശിക ജൈവവൈവിധ്യത്തിന്റെ ആധികാരിക രേഖയായ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന് സമിതികള്‍ പ്രധാന പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പുനരുജ്ജീവിപ്പിക്കുന്നതില്‍ ജൈവവൈവിധ്യ പരിപാലന സമിതികളുടെ പങ്ക്, വിവിധ വകുപ്പുകള്‍ പദ്ധതികള്‍ എന്നിവയുമായി പ്രാദേശിക ജൈവവൈവിധ്യ പദ്ധതികളുടെ സംയോജനം, പ്രാദേശിക പദ്ധതി രൂപീകരണത്തിലും നിര്‍വഹണത്തിലും ബിഎംസിയുടെ പങ്ക് എന്നീ വിഷയങ്ങളില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ. ദിനേശന്‍ ചെറുവാട്, എംഎസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സയന്റിസ്റ്റ് ആര്‍ സുമിറ്റി, കില ഫാക്കല്‍റ്റി എന്‍ പി വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ്, എഡിഎം കെ എം രാജു, ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, വി ബാലകൃഷ്ണന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ അജയന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it