Pathanamthitta local

ജൈവവള വിതരണത്തിലെ അഴിമതി:  ജില്ലാ പഞ്ചായത്തിന് നഷ്ടമായ പണം ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് 2012-13 സാമ്പത്തിക വര്‍ഷം നടപ്പാക്കിയ കാര്‍ഷിക മേഖലയിലെ ജൈവവള വിതരണത്തിലെ നഷ്ടം കരാര്‍ കമ്പനിയില്‍ നിന്നും അവര്‍ക്ക് കൂട്ടു നിന്നവരില്‍ നിന്നും ഈടാക്കാന്‍ ഇന്നലെ ചേര്‍ന്ന കമ്മിറ്റി യോഗം തീരുമാനിച്ചു. പദ്ധതിയില്‍ അഴിമതി നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തില്‍ നിര്‍വഹണ കരാറുകാരന് ജില്ലാ പഞ്ചായത്ത് പണം നല്‍കിയിരുന്നില്ല.
ഇതിനെതിരേ കരാറുകാരന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിച്ചു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പണം കൈമാറാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജില്ലാ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്നിന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പദ്ധതി നടത്തിപ്പിലെ അപാകത പരിഹരിക്കാതെ പണം നല്‍കാന്‍ സാധ്യമല്ലെന്ന് പ്രമേയം പാസാക്കി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്തു വന്നാലും ഹൈക്കോടതി വിധി നടപ്പാക്കാനായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മറുപടി.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന യോഗമാണ് ജില്ലാ പഞ്ചായത്തിന്റെ പണം നഷ്ടപ്പെടുത്തുന്നതിന് ഏജന്‍സിക്കൊപ്പം കൂട്ടുനിന്നവരെ കണ്ടുപിടിച്ച് പണം തിരിച്ചു പിടിക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് അംഗങ്ങളായ ടി മുരുകേഷ്, എസ് വി സുബിന്‍, ബി സതികുമാരി എന്നിവര്‍ ഉന്നയിച്ച ആവശ്യം ഭരണ-പ്രതിപക്ഷം ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു.
1.05 കോടി രൂപയാണ് പദ്ധതി്ക്ക് വകയിരുത്തിയിരുന്നത്. വിവിധ കാര്‍ഷിക ഗ്രൂപ്പുകള്‍ ഗുണഭോക്തൃ വിഹിതം അടച്ചതിന് ശേഷം വളം വിതരണം ചെയ്യുന്ന വിധത്തിലാണ് പദ്ധതി വിഭാവന ചെയ്തിരുന്നത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പദ്ധതി ചെലവഴിച്ചു എന്ന് വരുത്തി തീര്‍ത്ത് നിര്‍വഹണ ഉദ്യോഗസ്ഥന്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ അനുവാദത്തോടെ തുക ഡിഡി ആക്കി മാറ്റി.
വളം വിതരണത്തില്‍ വന്‍ അഴിമതി നടന്നുവെന്നും വിജിലന്‍സ് അന്വേഷണം തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ നേരത്തെ പത്രങ്ങളില്‍ വന്നിരുന്നതോടെ ഇത് വിവാദമായി. ഡിഡി ആയി മാറ്റി വച്ച തുക നല്‍കേണ്ടെന്ന് തീരുമാനവും ഉണ്ടായി. ഈ തുക പിന്നീട് തിരികെ അടച്ചു. റെയ്ഡ്‌കോയായിരുന്നു നിര്‍വഹണ ഏജന്‍സി. എന്നാല്‍, വ്യക്തിയാണ് വളം വിതരണത്തിന്റെ പണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ പഞ്ചായത്ത് ഭരണസമിതി കക്ഷി ചേരാതിരുന്നതോടെ കേസില്‍ പരാതിക്കാരന് അനുകൂലമായി വിധിയുണ്ടായി.
തുടര്‍ന്ന് മുന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി തിരക്കിട്ട് ഹൈക്കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതുതായി അധികാരത്തില്‍ വന്ന ഭരണ സമിതിയോട് പണം കൈമാറാന്‍ ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it