Second edit

ജൈവത്തിലെ വിശ്വാസം

ജൈവകൃഷിയുടെ ആവേശത്തിലാണ് ഇപ്പോള്‍ നാടെങ്ങും. ജൈവരീതിയില്‍ കൃഷിചെയ്തതെന്ന് അവകാശപ്പെട്ടുകൊണ്ട് വരുന്ന പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും പഴങ്ങളും ധാരാളം. മഴക്കാലത്ത് മരുന്നുകഞ്ഞിയും കര്‍ക്കടകക്കഞ്ഞിയുമൊക്കെ വില്‍പ്പന നടത്തുന്ന പല കൂട്ടായ്മകളും രംഗത്തുണ്ട്. കീടനാശിനികള്‍ക്കും രാസവളങ്ങള്‍ക്കും ഗുഡ്്‌ബൈ പറഞ്ഞുവോ നാം?പക്ഷേ, ജൈവമെന്ന് അവകാശപ്പെട്ടുകൊണ്ട് വിപണിയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ എത്രത്തോളം ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ചവയാണ്? അല്ലെങ്കില്‍ എത്രയുണ്ട് തികച്ചും വിഷരഹിതമായി ഉല്‍പ്പാദിപ്പിച്ചവ? ഈ രംഗത്ത് തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതകള്‍ ഏറെയാണ്.

ഉദാഹരണത്തിന് നവരനെല്ലിന്റെ കാര്യമെടുക്കുക. കര്‍ക്കടകമാസത്തില്‍ നവരക്കഞ്ഞി കിറ്റുകള്‍ ധാരാളമായി വിപണിയിലെത്തുന്നുണ്ട്. ശരാശരി 10 ലക്ഷത്തോളം കിറ്റുകള്‍ വരുമത്രെ. എന്നാല്‍, ഒരു കിറ്റില്‍ ഏറ്റവും ചുരുങ്ങിയത് 300 ഗ്രാം അരിയുണ്ടെങ്കില്‍പ്പോലും 10 ലക്ഷം കിറ്റുകള്‍ ഇറക്കാന്‍ 30 ടണ്‍ അരി വേണം. കേരളത്തില്‍ അതിന്റെ പാതിപോലുമില്ല നവര അരിയുടെ ഉല്‍പ്പാദനം.ഇത് നവരയുടെ മാത്രം കഥയല്ല. വിപണിയിലെത്തുന്ന വിഷരഹിത ജൈവ ഉല്‍പ്പന്നങ്ങളും അവയുടെ ഉല്‍പ്പാദനവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല.

കേരളത്തില്‍ കള്ളുചെത്തുന്ന തെങ്ങുകളുടെ എണ്ണവും ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളിന്റെ അളവും തമ്മിലുള്ള അനുപാതംപോലെ തന്നെയാണിത്. ജനം ഉത്തമവിശ്വാസത്തില്‍ ഏതോ പൊടികള്‍ കലക്കിയ വെള്ളം കുടിച്ച് പിമ്പിരിയാവുന്നു. അതേപോലെ ഏതോതരം ധാന്യങ്ങള്‍കൊണ്ട് ഔഷധക്കഞ്ഞിയുണ്ടാക്കി കുടിക്കുകയും ചെയ്യുന്നു. വിശ്വാസമല്ലേ, എല്ലാം.
Next Story

RELATED STORIES

Share it