Pathanamthitta local

ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് ശ്രദ്ധ ചെലുത്തണം: രാജുഎബ്രഹാം എംഎല്‍എ

പത്തനംതിട്ട: ജില്ലയില്‍ തരിശുനിലങ്ങള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കി ജൈവകൃഷി വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് രാജുഎബ്രഹാം എംഎല്‍എ പറഞ്ഞു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്ര പച്ചക്കറി വികസന പദ്ധതി, ജൈവകാര്‍ഷിക മണ്ഡലം പദ്ധതി, കാര്‍ഷികവികസന ശാക്തീകരണ പദ്ധതി എന്നിവയോടനുബന്ധിച്ച് നടന്ന ജില്ലാതല അവാര്‍ഡ് വിതരണ പൊതുസമ്മേളനം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ.
വന്യമൃഗങ്ങള്‍ മൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന നാശനഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് കൃഷിവകുപ്പും ശ്രദ്ധിക്കണം.  കൃഷി മെച്ചപ്പെടുത്തുന്നതിന് ചെക്ക് ഡാമുകള്‍, റഗുലേറ്ററുകള്‍ എന്നീ സംവിധാനങ്ങളോടുകൂടിയുള്ള ജലസേചന സൗകര്യം കാര്യക്ഷമമാക്കണമെന്നും എംഎല്‍എ പറഞ്ഞു.
കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ഥി സമൂഹം കടന്നുവരുന്നതിന് ആവശ്യമായ പ്രോല്‍സാഹനം നല്‍കണമെന്ന് പച്ചക്കറികൃഷിയില്‍ ജില്ല കൈവരിച്ച നേട്ടങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും അവാര്‍ഡ്ദാനവും നിര്‍വഹിച്ച ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.
അടുക്കളത്തോട്ടം എന്ന സംസ്‌കാരം കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കൃഷിയില്‍ ജില്ല സ്വയംപര്യാപ്തമാകണമെന്ന് ചടങ്ങി ല്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ബി സത്യന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കടമ്മനിട്ട കരുണാകരന്‍, സാംസണ്‍ തെക്കേതില്‍, ഗീതാവിജയന്‍, ഉഷാകുമാരി, എം എസ് പ്രകാശ് കുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷൈല ജോസഫ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സുജ ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it