ജൈവകൃഷിയില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് മന്ത്രി മോഹനന്‍

അങ്കമാലി: ജൈവകൃഷിയില്‍ കേരളം രാജ്യത്തിനു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ദേശീയ ജൈവകാര്‍ഷിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തോടൊപ്പം ഇതര സംസ്ഥാനങ്ങളെ കൂടി സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുകയാണ്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ജൈവകൃഷിയില്‍ വന്‍ മുന്നേറ്റമാണ് കേരളം നടത്തിയത്. ഈ മാതൃക മറ്റു സംസ്ഥാനങ്ങള്‍ക്കു കൂടി പ്രചോദനമാവുന്ന തരത്തില്‍ അവതരിപ്പിക്കുന്നതിനാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് പാരീസില്‍ നടന്ന ആഗോള കണ്‍വെന്‍ഷനില്‍ ജൈവ കാര്‍ഷികരംഗത്തെ കേരളത്തിന്റെ കാര്‍ഷിക മാതൃക പരാമര്‍ശിക്കപ്പെട്ടതായി പരിസ്ഥിതി പ്രവര്‍ത്തക ഡോ. വന്ദന ശിവ അറിയിച്ചതായി മന്ത്രി പറഞ്ഞു. സമുദ്രനിരപ്പിനു താഴെ നടത്തുന്ന കൃഷിയെപ്പറ്റി ഗവേഷണം നടത്തുന്നതിന് ഫണ്ട് ലഭിക്കുമെന്നതും കേരളത്തിന്റെ ജൈവ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു മുതല്‍ക്കൂട്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയെ സംസ്ഥാനത്തെ പ്രഥമ ജൈവകാര്‍ഷിക ജില്ലയായി പ്രഖ്യാപിച്ചതിനു പുറമേ മറ്റു 13 ജില്ലകളിലും ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ പൊതുസമൂഹത്തെ സംഘടിപ്പിച്ചുകൊണ്ട് ജൈവ ഗ്രാമസഭകള്‍ കൂടുകയും ജൈവകാര്‍ഷിക മണ്ഡലം പ്രാവര്‍ത്തികമാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് സര്‍ട്ടിഫിക്കേഷനോടു കൂടിയ സേഫ് ടു ഈറ്റ് പദ്ധതി വ്യാപിപ്പിച്ചുവരുകയാണ്. പച്ചക്കറികൃഷി രംഗത്ത് സ്വയംപര്യാപ്തത ഉറപ്പുവരുത്തുന്നതിനായി കര്‍ഷകര്‍, വനിതകള്‍, വിദ്യാര്‍ഥികള്‍, സ്വാശ്രയ സംഘങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കിയ സമഗ്രപദ്ധതി വിജയം കണ്ടു. കേന്ദ്ര സര്‍ക്കാരിന്റെ പരമ്പരാഗത കൃഷി വികാസ് യോജനയും കാര്‍ഷികോല്‍പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ സേവനങ്ങളും സംയോജിപ്പിച്ച് സംസ്ഥാനപദ്ധതി ലക്ഷ്യപ്രാപ്തിയില്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉല്‍പാദന കമ്മീഷണര്‍ സുബ്രതോ ബിശ്വാസ് മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it