ജേക്കബ് തോമസ് നിയമനടപടിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ ഡിജിപി ജേക്കബ് തോമസ് നിയമ നടപടിയിലേക്കു കടക്കുമെന്നു സൂചന. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിനായി മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നു ജേക്കബ് തോമസ് നിയമോപദേശം തേടിയതായാണു വിവരം. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പോലൊരു നിയമ പോരാട്ടമാവും ജേക്കബ് തോമസും പിന്തുടരുകയെന്നാണ് സൂചന. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാല്‍ സര്‍ക്കാരിനെതിരേ നിയമപരമായി പോരാടുന്നതിനു സാധ്യമാവും. വിശദീകരണം പോലും ചോദിക്കാതെയാണു സസ്‌പെന്‍ഷന്‍ നടപടിയെന്നു ജേക്കബ് തോമസിന് വാദിക്കാവുന്നതാണ്. സസ്‌പെന്‍ഷന്‍ ചെയ്തുകൊണ്ടുള്ള ഉത്തരവില്‍ എത്ര ദിവസമാണു സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതെന്നു വ്യക്തമാക്കാത്തതിനാല്‍ പരമാവധി ആറു മാസം വരെ പുറത്തുനില്‍ക്കേണ്ടി വരുമെന്നാണു സര്‍ക്കാര്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, ജേക്കബ് തോമസിനു മേല്‍ ആരോപിച്ചിരിക്കുന്ന കുറ്റത്തില്‍ പരമാവധി ആറു മാസം വരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സര്‍ക്കാരിന് അധികാരവുമുണ്ട്. അതേസമയം, ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സര്‍ക്കാരിനെതിരേ തുറന്നടിച്ച് അദ്ദേഹം വീണ്ടും രംഗത്തെത്തി. സര്‍ക്കാരിനു കൂടെക്കൂട്ടാന്‍ പറ്റാത്ത ആളായതു കൊണ്ടാവാം തന്നെ സസ്‌പെന്‍ഡ് ചെയ്തതെന്നായിരുന്നു ജേക്കബ് തോമസിന്റെ വിമര്‍ശനം. ആര്‍ക്കോ വേണ്ടി മുഖ്യമന്ത്രി തന്നെ മാറ്റി നിര്‍ത്തിയതാവാമെന്നു കരുതുന്നുവെന്നു പറഞ്ഞ അദ്ദേഹം വിജിലന്‍സിനെയും പരിഹസിച്ചു. വിജിലന്‍സിന് കേസുകളില്ലാത്തത് നാട്ടിലെ അഴിമതി കുറഞ്ഞതിനാലാവാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതിനിടെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വീസില്‍ നിന്ന് രാജിവയ്ക്കാന്‍ ജേക്കബ് തോമസ് ഒരുങ്ങുന്നതായും അഭ്യൂഹമുണ്ട്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്ക ബ് തോമസിന് രണ്ടു വര്‍ഷവും അഞ്ചു മാസവും കൂടി ഇനി സര്‍വീസ് ബാക്കിയുണ്ട്.
Next Story

RELATED STORIES

Share it