ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ മറുപടി പുറത്ത്

കൊച്ചി: സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ചീഫ് സെക്രട്ടറി നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിന് ഡിജിപി ജേക്കബ് തോമസ് നല്‍കിയ വിശദീകരണ കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് കത്തിന്റെ പകര്‍പ്പു ലഭിച്ചത്.
പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി താന്‍ സര്‍ക്കാരിനെതിരെയോ മുഖ്യമന്ത്രിക്കെതിരെയോ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്ന് ജേക്കബ് തോമസ് മറുപടിയില്‍ പറയുന്നു. അനധികൃത ഫഌറ്റ് നിര്‍മാണം നടത്തിയ ബില്‍ഡര്‍മാര്‍ക്ക് സഹായം നല്‍കുക എന്ന ഗൂഢ ലക്ഷ്യത്തോടെ ബില്‍ഡര്‍മാരുമായി മുഖ്യമന്ത്രി അസാധാരണ കൂടിക്കാഴ്ചകള്‍ നടത്തിയെന്ന് താന്‍ ആരോപിച്ചിട്ടില്ല. ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായിയുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയോട് താന്‍ നിര്‍ദേശിച്ചതായി ഓര്‍മിക്കുന്നില്ല. അങ്ങനെ താന്‍ ആവശ്യപ്പെട്ടുവെന്നു പറയുന്ന ദിവസത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയുടെ നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുമില്ല. വകുപ്പു മേധാവി മുഖ്യമന്ത്രിയോട് ഇത്തരമൊരു യോഗം വിളിച്ചു കൂട്ടാന്‍ ആവശ്യപ്പെടുന്ന കീഴ്‌വഴക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിലില്ലെന്നും എന്നാല്‍, മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തെ താന്‍ അവഗണിച്ചിട്ടില്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു.
സര്‍ക്കാരിന്റെ നയങ്ങളെയോ നടപടികളെയോ വിമര്‍ശിക്കുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല. മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനു ചേരാത്ത പരാമര്‍ശങ്ങള്‍ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അഖിലേന്ത്യാ സര്‍വീസ് ചട്ടത്തിലെ വകുപ്പുകളൊന്നും താന്‍ ലംഘിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു കാര്യവും കൈമാറിയിട്ടില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ പ്രതിച്ഛായ തകര്‍ക്കാനോ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ല. താന്‍ അവധിയില്‍ പ്രവേശിച്ച സമയത്ത് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരേ ഗുരുതരവും അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് തന്നെ അങ്ങേയറ്റം വേദനിപ്പിച്ചു.
തന്റെ നിരപരാധിത്വം ഒരു വാര്‍ത്താസമ്മേളനത്തിലൂടെ വിശദീകരിക്കാനാണ് താന്‍ ആഗ്രഹിച്ചത്. അതിനായി വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയെങ്കിലും ആവശ്യം നിരാകരിക്കുകയാണു ചെയ്തത്.
മാധ്യമങ്ങളുമായി സംസാരിക്കുകയോ വാര്‍ത്താസമ്മേളനം നടത്തുകയോ ചെയ്യുന്നതിന് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നത്. താന്‍ സേവിക്കുന്ന പൊതുജനങ്ങളോടുള്ള കടമയും കടപ്പാടുമായാണ് താന്‍ അതിനെ കാണുന്നത്. സദ്ഭരണത്തിന്റെ അടിസ്ഥാന ഘടകങ്ങളായ സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തബോധം, കാര്യക്ഷമത, പ്രയോജനക്ഷമത എന്നിവ സംബന്ധിച്ച് 1990ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്(ഐഎംജി)ല്‍ പഠിച്ച പാഠങ്ങള്‍ക്ക് 2015ല്‍ എക്‌സ്പയറി ഡേറ്റ് ഉണ്ടാവുമെന്ന് താന്‍ താന്‍ ഒരിക്കലും കരുതിയിട്ടില്ലെന്നു പറഞ്ഞാണ് കത്ത് ഉപസംഹരിക്കുന്നത്.
Next Story

RELATED STORIES

Share it