ജേക്കബ് തോമസും സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസും സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്. സര്‍വീസിലിരിക്കെ സ്വകാര്യകോളജില്‍ ജോലിചെയ്തു പ്രതിഫലം വാങ്ങിയെന്ന ആരോപണത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനു തെളിവുകളും രേഖകളും വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച് നോട്ടീസിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ജേക്കബ് തോമസ് അറിയിച്ചു.
എന്നാല്‍, ജേക്കബ് തോമസിന്റെ ആവശ്യം ചീഫ് സെക്രട്ടറി തള്ളി. നോട്ടീസില്‍ മറുപടിക്കു കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. 15 ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പ് കൈമാറില്ല. രേഖകള്‍ ജേക്കബ് തോമസിനു നേരിട്ടെത്തി പരിശോധിക്കാം. എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയല്ല. പരാതിയില്‍ എന്തു നടപടിയെടുത്തുവെന്നു കേന്ദ്രസര്‍ക്കാര്‍ ചോദിച്ചുവെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ എംഡിയായിരുന്നപ്പോള്‍, സ്വകാര്യകോളജില്‍ ജേക്കബ് തോമസ് ജോലി ചെയ്തിരുന്നുവെന്നാണ് പരാതി. ഗവേഷണത്തിന്റെ പേരില്‍ അവധിയെടുത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തു ലക്ഷങ്ങള്‍ പ്രതിഫലം പറ്റിയതിനു ജേക്കബ് തോമസിനെതിരേ ഗുരുതര അച്ചടക്കനടപടി സ്വീകരിക്കണമെന്നായിരുന്നു ഈ പ്രശ്‌നത്തില്‍ ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട്.
സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് ജേക്കബ് തോമസ് കൊല്ലത്തെ സ്വകാര്യ കോളജില്‍ അധ്യാപകനായി ജോലി ചെയ്തതെന്നും റിപോര്‍ട്ടിലുണ്ട്. 15 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസ് ജനുവരി 27നാണ് ഡിജിപിക്ക് ചീഫ് സെക്രട്ടറി അയച്ചത്.
മാസത്തില്‍ 1,69,000 രൂപ വച്ച് മൂന്നുമാസത്തോളം ജേക്കബ് തോമസ് ശമ്പളം വാങ്ങിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണം വന്നപ്പോള്‍ വാങ്ങിയ ശമ്പളം അദ്ദേഹം തിരിച്ചടച്ചിരുന്നു.
എങ്കിലും തെറ്റ് തെറ്റല്ലാതാവുന്നില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ വിലയിരുത്തല്‍. നേരത്തേ പാറ്റൂര്‍ ഭൂമിയിടപാട് കേസ്, ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തുനിന്ന് നീക്കല്‍, ബാര്‍കോഴ തുടങ്ങിയ വിഷയങ്ങളില്‍ ഡിജിപി ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ പരസ്യവിമര്‍ശനം നടത്തിയത് വിവാദമായിരുന്നു.
ഡിജിപിയുടെ നടപടിക്കെതിരേ ചീഫ് സെക്രട്ടറി പലതവണ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി നല്‍കാതെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരേ ജേക്കബ് തോമസ് പരോക്ഷവിമര്‍ശനം തുടരുകയായിരുന്നു.
Next Story

RELATED STORIES

Share it