ജേക്കബ് തോമസിന്റെ നടപടി ശരിവച്ച് എഡിജിപി

തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു നിര്‍മിച്ച വന്‍കിട ഫഌറ്റുകള്‍ക്കെതിരേ മുന്‍ അഗ്നിശമനസേന വകുപ്പു മേധാവി ഡിജിപി ജേക്കബ് തോമസ് സ്വീകരിച്ച നടപടി ശരിവച്ച് പുതിയ മേധാവി എഡിജിപി അനില്‍കാന്തിന്റെ റിപോര്‍ട്ട്.
നിര്‍മാണത്തിന് കേന്ദ്ര കെട്ടിടനിര്‍മാണച്ചട്ടം പാലിക്കേണ്ടാത്തതിനാല്‍ ജേക്കബ് തോമസിന്റെ തീരുമാനം പുനപ്പരിശോധിക്കണമെന്നുള്ള ഫഌറ്റുടമകളുടെ ആവശ്യം എഡിജിപി തള്ളി. ഫഌറ്റുടമകള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും 38 ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയത് പുനപ്പരിശോധിക്കണമെന്നും അഗ്നിശമനസേന വകുപ്പു മേധാവി സര്‍ക്കാരിനു നല്‍കിയ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുള്ളതിനാല്‍ അഗ്നിശമനസേനയുടെ നിലപാടില്‍ മാറ്റമില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഫഌറ്റുടമകള്‍ ഉന്നയിച്ച ഓരോ വാദങ്ങളും പരിശോധിച്ചാണ് നിലവിലെ അഗ്നിശമനസേനാ വകുപ്പു മേധാവി ചീഫ് സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ പുതിയ അഗ്നിശമനസേന വകുപ്പു മേധാവിയും നടപടി സ്വീകരിച്ചതോടെ സര്‍ക്കാരാണു വെട്ടിലായിരിക്കുന്നത്. കെട്ടിടനിര്‍മാണ ചട്ടങ്ങളെക്കുറിച്ചു പരിശോധിക്കുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി റിപോട്ട് പരിശോധിച്ചു തീരുമാനമെടുക്കും.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 77 വന്‍കിട ഫഌറ്റുകള്‍ക്ക് ജേക്കബ് തോമസ് നോട്ടീസ് നല്‍കിയതാണ് അഗ്നിശമനസേന വകുപ്പു മേധാവി സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ മാറ്റാനിടയാക്കിയത്. ഫഌറ്റു നിര്‍മാണത്തിലെ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മറികടന്നുള്ള നിര്‍മാണങ്ങള്‍ക്കെതിരേയാണ് ജേക്കബ് തോമസ് നടപടി സ്വീകരിച്ചത്.
24 മീറ്ററിനു മുകളിലുള്ള 77 ഫഌറ്റുകളുടെ നിര്‍മാണമാണ് നിര്‍ത്തിവയ്ക്കാന്‍ ജേക്കബ് തോമസ് നോട്ടീസ് നല്‍കിയത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കെട്ടിടനിര്‍മാണച്ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇവയുടെ നിര്‍മാണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേ ഫഌറ്റുടമകളുടെ സംഘടന സര്‍ക്കാരിന് പരാതി നല്‍കി. തര്‍ക്കം രൂക്ഷമായതോടെ ഫഌറ്റുടമകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയും ജേക്കബ് തോമസിന്റെ കസേര തെറിക്കുകയുമായിരുന്നു.
ഫഌറ്റുടമകള്‍ക്കെതിരേ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ അഗ്നിശമനസേന വകുപ്പു മേധാവി സ്ഥാനത്തുനിന്നു നീക്കിയതെന്ന് ജേക്കബ് തോമസ് പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്റെ പേരില്‍ ജേക്കബ് തോമസിനെതിരേ സ്വീകരിക്കേണ്ട അച്ചടക്കനടപടികളെക്കുറിച്ച് സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ നിലപാട് ശരിവച്ച് പുതിയ മേധാവി റിപോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്നതാണു ശ്രദ്ധേയം.
Next Story

RELATED STORIES

Share it