Flash News

ജേക്കബ് തോമസിന്റെ ആത്മകഥയില്‍ ചട്ടലംഘനം: ചീഫ് സെക്രട്ടറി



തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ ചട്ടലംഘനമുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട്. പുസ്തകം എഴുതിയത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്നു ചീഫ് സെക്രട്ടറി നളിനി നെറ്റോ ചൂണ്ടിക്കാട്ടി. 2016 ഒക്ടോബറില്‍ ജേക്കബ് തോമസ് സര്‍ക്കാരിനോട് പുസ്തകം എഴുതാന്‍ അനുമതി ചോദിച്ചിരുന്നു. എന്നാല്‍, പുസ്തകത്തിന്റെ ഉള്ളടക്കം ഹാജരാക്കണമെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. ഉള്ളടക്കം ഹാജരാക്കാത്തതിനാല്‍ സര്‍ക്കാര്‍ ഇതിന് അനുമതി നിഷേധിച്ചെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പുസ്തകത്തില്‍ പതിനാലിടത്ത് ചട്ടലംഘനമുണ്ട്. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍വീസിലിരിക്കെ പുസ്തകമെഴുതാന്‍ തടസ്സമുണ്ട്. അതോടൊപ്പം സര്‍ക്കാര്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇതിനായി ഉപസമിതിയെ നിയോഗിക്കണമെന്നും ചീഫ് സെക്രട്ടറി സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ചീഫ് സെക്രട്ടറി പുസ്തകം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ച പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിന്മാറിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന നിയമസെക്രട്ടറിയുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു പിന്‍മാറ്റം. പിന്നീട് സ്വകാര്യ ഹോട്ടലില്‍ ജേക്കബ് തോമസ് തന്നെ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it