ജേക്കബ് തോമസിനെ തരംതാഴ്ത്തിയതായി ആക്ഷേപം

തിരുവനന്തപുരം: അഗ്നിശമനസേനാ മേധാവി സ്ഥാനത്തുനിന്നു പോലിസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലേക്കു സ്ഥലംമാറ്റിയ ഡിജിപി ജേക്കബ് തോമസിനെ വീണ്ടും തരംതാഴ്ത്തിയതായി ആക്ഷേപം. മുമ്പ് കോര്‍പറേഷന്‍ എംഡിയും ചെയര്‍മാനുമായിരുന്ന എഡിജിപി അനില്‍കാന്തിനു പകരമായാണ് ജേക്കബ് തോമസിനെ നിയമിച്ചത്.
എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം ഒഴിവാക്കി എംഡി സ്ഥാനം മാത്രമാണ് ജേക്കബ് തോമസിനു നല്‍കിയത്. മുമ്പ് എഡിജിപി റാങ്കിലുള്ള ഒരാള്‍ക്ക് രണ്ടു പദവികളും നല്‍കിയപ്പോള്‍ ഡിജിപിയായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ വീണ്ടും തരംതാഴ്ത്തുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഉത്തരവില്‍ തെറ്റുപറ്റിയതാണെന്നും ജേക്കബ് തോമസിന് പൂര്‍ണ ചുമതല നല്‍കി പുതിയ ഉത്തരവിറക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഓഫിസ് അറിയിച്ചു. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ ജേക്കബ് തോമസ് തയ്യാറായില്ല. ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ മുതല്‍ അവധിയിലായിരുന്ന അദ്ദേഹം ഇന്നലെ കോര്‍പറേഷന്റെ സ്ഥാനമേറ്റെടുത്തു.
കെട്ടിട നിര്‍മാണത്തില്‍ അഗ്നിശമനസേന മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന ജേക്കബ് തോമസിന്റെ നിര്‍ദേശവും മരംമുറിഞ്ഞു വീഴല്‍, മൃഗങ്ങള്‍ക്ക് അപകടം സംഭവിക്കല്‍ തുടങ്ങിയവയ്ക്ക് അഗ്നിശമന സേനാംഗങ്ങളെ ഉപയോഗിക്കാനാവില്ലെന്നുള്ള സര്‍ക്കുലറുമാണ് അഗ്നിശമനസേനയില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ കാരണം.
ധനമന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് അന്വേഷണസംഘത്തിന്റെ തലവനായിരുന്നു ജേക്കബ് തോമസ്.എഡിജിപിയായിരുന്ന ജേക്കബ് തോമസിനെ ബാര്‍ കോഴക്കേസിലെ അന്വേഷണത്തിനിടെയാണ് സ്ഥാനക്കയറ്റം നല്‍കി അഗ്‌നിശമനസേനാ ഡിജിപിയാക്കിയത്. തുടര്‍ന്ന് എഡിജിപി റാങ്കിലുള്ളയാള്‍ മേധാവിയായിരുന്ന സ്ഥാനത്ത് ഡിജിപി റാങ്കുള്ള ജേക്കബ് തോമസിനെ നിയമിച്ചത് വിവാദമായിരുന്നു.
Next Story

RELATED STORIES

Share it