ജേക്കബ് തോമസിനെതിരേ വീണ്ടും സര്‍ക്കാര്‍ കുറ്റപത്രം

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരേ വീണ്ടും സര്‍ക്കാര്‍ കുറ്റപത്രം. ജേക്കബ് തോമസിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധമാണെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് ഈ നീക്കം.
'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ജേക്കബ് തോമസിന്റെ ആത്മകഥയില്‍ പാറ്റൂര്‍, ബാര്‍കോഴ, ബന്ധുനിയമന കേസുകളെ സംബന്ധിച്ചുള്ള പരാമര്‍ശങ്ങള്‍ ചട്ട ലംഘനമാണെന്ന് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കുറ്റപത്രം തയ്യാറാവുന്നത്. അച്ചടക്ക നടപടി എടുക്കുന്നതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജേക്കബ് തോമസിനോട് വിശദീകരണം തേടും. ജേക്കബ് തോമസ് ആത്മകഥ എഴുതിയതു സര്‍വീസ് ചട്ടം ലംഘിച്ചാണെന്നാണ് ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ റിപോര്‍ട്ട്്. ഈ റിപോര്‍ട്ട് അംഗീകരിച്ച് മുഖ്യമന്ത്രി തുടര്‍ നടപടികള്‍ക്കു വേണ്ടി ചീഫ് സെക്രട്ടറിക്ക് കൈമാറി. അച്ചടക്ക നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ 15 ദിവസത്തിനകം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടും. അംഗീകരിക്കാന്‍ കഴിയാത്ത വിശദീകരണമാണങ്കില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റിയെ തുടര്‍ നടപടികള്‍ക്കു വേണ്ടി ചുമതലപ്പെടുത്തും. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റേ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിലാണു ജേക്കബ് തോമസിനെ ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയായിരുന്നു നടപടി.
എന്നാല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരെ ആറു മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനു വ്യക്തമായ കാരണങ്ങള്‍ കാണിക്കണം. ഇതിനെ തുടര്‍ന്നാണു ജേക്കബ് തോമസിനെതിരേ വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it