Districts

ജേക്കബ് തോമസിനെതിരേ നടപടിക്കു സാധ്യത

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കോടതി വിധിയെ പിന്തുണച്ചും സര്‍ക്കാരിന് എതിരായും പരാമര്‍ശം നടത്തിയ ഡിജിപി ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തേക്കും. ബാര്‍കോഴ കേസില്‍ സത്യം ജയിച്ചുവെന്ന കോടതി വിധിയെക്കുറിച്ചുള്ള ജേക്കബ് തോമസിന്റെ പ്രസ്താവനയെ ഗുരുതരമായ അച്ചടക്കലംഘനമായാണു സര്‍ക്കാര്‍ കാണുന്നത്.
നേരത്തെ ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി ലഭിച്ചശേഷം ജേക്കബ് തോമസിനെതിരേ നടപടിയുണ്ടാവുമെന്നാണു സൂചന. ജേക്കബ് തോമസിന്റെ പ്രസ്താവന കടുത്ത അച്ചടക്കലംഘനമാണെന്നും നടപടി എടുക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരോ ദിവസവും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൊണ്ട് അഭിപ്രായപ്രകടനം നടത്താന്‍ പാടില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ബാര്‍ കോഴ കേസിലെ പരാമര്‍ശത്തിനു പുറമേ നേരത്തെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിനെതിരേയും ജേക്കബ് തോമസ് മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു. സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരേ പരാമര്‍ശം നടത്തിയതിന് ജേക്കബ് തോമസിനെതിരേ രൂക്ഷവിമര്‍ശനമാണുണ്ടായത്.
തുടര്‍ന്ന് കഴിഞ്ഞ 21ന് ചേര്‍ന്ന മന്ത്രിസഭായോഗം ജേക്കബ് തോമസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനിച്ചു. ഇതനുസരിച്ച് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസും നല്‍കി. മാധ്യമങ്ങളോട് സംസാരിച്ചത് ഗുരുതരമായ ചട്ടലംഘനമാണെന്നും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജേക്കബ് തോമസിന് നോട്ടീസ് നല്‍കിയത്. ഇതിന്റെ മറുപടി ലഭിച്ചശേഷം ജേക്കബ് തോമസിനെതിരേ നടപടി എടുക്കുമെന്നാണു സൂചന.
Next Story

RELATED STORIES

Share it