ജേക്കബ് തോമസിനെതിരേ കോണ്‍ഗ്രസ് മുഖപത്രം: ആശിച്ച പദവി കിട്ടാതെ വന്നപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധജ്വരം

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പരോക്ഷമായി വിമര്‍ശിക്കുന്ന ഡിജിപി ജേക്കബ് തോമസിനെതിരേ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മുഖപ്രസംഗം. പുകഞ്ഞ കൊള്ളി പുറത്തെറിയണം എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തില്‍ ജേക്കബ് തോമസിനെതിരേ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആശിച്ച പദവി കിട്ടാതെ വന്നപ്പോഴാണ് ജേക്കബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശം നടത്തിയിരിക്കുന്നതെന്ന് വീക്ഷണം പരിഹസിക്കുന്നു.

ഡിജിപിയുടെ പ്രവര്‍ത്തനം പ്രതിപക്ഷ നേതാവിനെ പോലെയാണ്. അച്ചടക്കലംഘനത്തിന് നോട്ടീസല്ല മുക്കാലിയില്‍ കെട്ടി ചാട്ടവാറടിയാണ് നല്‍കേണ്ടത്. കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര കലശലാവുന്നതുപോലെയാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ വിരുദ്ധജ്വരം പിടിക്കുന്നത്. വിരമിക്കാറായപ്പോഴാണ് അഴിമതിക്കെതിരേ അദ്ദേഹം ഹരിശ്രീ കുറിച്ചത്. ഇടതുപക്ഷത്തില്‍ നിന്ന് നിയമസഭാ സീറ്റ് പ്രതീക്ഷിച്ചാണ് ജേക്കബ് തോമസ് സര്‍ക്കാരിനെതിരെ തിരിയുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പദവിയിലിരുന്ന് സര്‍ക്കാരിനെ ദ്രോഹിച്ചും അച്ചടക്കലംഘനം നടത്തിയും പരമാവധി ശിക്ഷാ നടപടികള്‍ ക്ഷണിച്ചുവരുത്തി രക്തസാക്ഷിത്വ പരിവേഷത്തോടെ പടിയിറങ്ങുകയെന്നതാണ് ജേക്കബ് തോമസിന്റെ ലക്ഷ്യം. അത്തരം വീരപരിവേഷമുണ്ടായാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിത്വം നല്‍കി അനുഗ്രഹിക്കുമെന്നുള്ള മോഹവും അദ്ദേഹത്തിന്റെ മനസ്സിലിരിപ്പുണ്ട്. ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്നവരല്ല, ചമ്പല്‍ക്കാട്ടില്‍ നിന്ന് ഇരച്ചുകയറി വന്നവരാണ് സംസ്ഥാനം ഭരിക്കുന്നതെന്നാണ് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത്.  കഴിഞ്ഞ നാലുമാസങ്ങള്‍ക്കുള്ളില്‍ 40 തവണയെങ്കിലും സര്‍ക്കാര്‍ വിരുദ്ധവും സര്‍വീസ് ചട്ടങ്ങള്‍ക്ക് നിരക്കാത്തതുമായ പെരുമാറ്റങ്ങള്‍ ജേക്കബ് തോമസില്‍ നിന്നുണ്ടായി. സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വിശദീകരണം തേടിയ ചീഫ് സെക്രട്ടറിയെയും പോലിസ് മേധാവിയെയും പരസ്യമായി വെല്ലുവിളിച്ചു. അമ്മയെ തല്ലിയും ന്യൂസ് മേക്കറാവാന്‍ ശ്രമിക്കുന്ന ഇത്തരം യശസ്സ് മോഹികള്‍ പോലിസ് വകുപ്പിന് അപമാനവും അപകടവുമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it