ജേക്കബ് തോമസിനെതിരേ അന്വേഷണം

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ സര്‍ക്കാര്‍തല അന്വേഷണം. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ആഭ്യന്തരസെക്രട്ടറി തലവനായ അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചത്. നിയമസെക്രട്ടറിയും സമിതിയില്‍ അംഗമാണ്. ജേക്കബ് തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ഡിസംബറില്‍ ജേക്കബ് തോമസിനെ ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത തരത്തിലായിരുന്നു പ്രവര്‍ത്തനമെന്നും വിലയിരുത്തിയാണ് നടപടി. എന്നാല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ അനുസരിച്ച് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ കേന്ദ്ര പേഴ്‌സനല്‍ മന്ത്രാലയത്തിന് വ്യക്തമായ കാരണങ്ങള്‍ കാണിക്കണം. ഇതിനെത്തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരേ അന്വേഷണം പ്രഖ്യാപിച്ചത്.
അഴിമതിവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള സെമിനാറില്‍ പ്രസംഗിക്കവേ ഓഖി ദുരന്തത്തെയും നിയമവാഴ്ചയും സംബന്ധിച്ച് ജേക്കബ് തോമസ് നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങളായത്. ഓഖി ദുരന്തത്തില്‍ പെട്ടത് വലിയവന്‍മാരുടെ മക്കളായിരുന്നെങ്കില്‍ സര്‍ക്കാര്‍ ഇതുപോലെ നിഷ്‌ക്രിയമായിരിക്കില്ലെന്നും സംസ്ഥാനത്ത് നിയമവാഴ്ചയില്ലെന്നുമായിരുന്നു വിമര്‍ശനം. ഇതു വിവാദമായതോടെ ജേക്കബ് തോമസിന് ചീഫ് സെക്രട്ടറി ചാര്‍ജ് മെമ്മോ നല്‍കി. എന്നാല്‍ തന്റെ പരാമര്‍ശങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള മറുപടിയാണ് അദ്ദേഹം നല്‍കിയത്. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഓഖിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് വസ്തുതകളാണെന്നുമായിരുന്നു മറുപടി. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കേണ്ടത് തന്റെ കടമയാണെന്നും പോലിസിന്റെ അന്തസ്സ് അങ്ങോട്ടുമിങ്ങോട്ടും വളയുന്ന നട്ടെല്ലല്ലെന്നും മറുപടിയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it