ജേക്കബ് ഗ്രൂപ്പില്‍ കലഹം മൂര്‍ച്ഛിച്ചു; വഴിപിരിയാനൊരുങ്ങി ജോണി നെല്ലൂര്‍

കൊച്ചി: സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. പിറവം(അനൂപ് ജേക്കബ്), അങ്കമാലി(ജോണി നെല്ലൂര്‍), തരൂര്‍(വി വിനേഷ്) സീറ്റുകളിലാണ് കഴിഞ്ഞതവണ ജേക്കബ് വിഭാഗം മല്‍സരിച്ചത്. ഇതില്‍ അനൂപ് ജേക്കബ് മാത്രമാണ് അന്ന് വിജയിച്ചത്.
ഇത്തവണ പിറവം മാത്രം ജേക്കബ് ഗ്രൂപ്പിന് നല്‍കാനും അങ്കമാലി കോണ്‍ഗ്രസ് ഏറ്റെടുക്കാനും തീരുമാനിച്ചു. ഇതോടെയാണ് ജേക്കബ് ഗ്രൂപ്പില്‍ ഭിന്നത രൂക്ഷമായത്. സീറ്റ് ചര്‍ച്ചയില്‍ പാര്‍ട്ടി നാല് സീറ്റ് ആവശ്യപ്പെട്ടെങ്കിലും പിറവം ഒഴികെ മറ്റ് സീറ്റുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പുനല്‍കിയില്ല. ഇതോടെ പാര്‍ട്ടി വിടുകയാണെന്ന സൂചനനല്‍കി ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ്സുമായി ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി.
ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സുമായി ചര്‍ച്ചനടത്തിയതായും സൂചനയുണ്ട്. ഔഷധി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച ജോണി നെല്ലൂരിന് പിന്തുണയുമായി ഫ്രാന്‍സിസ് ജോര്‍ജ് രംഗത്തുവന്നതോടെയാണ് നെല്ലൂര്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ ചേക്കേറാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായത്.
ഇതിനിടെ ജോണി നെല്ലൂരിന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് ജേക്കബ് ഗ്രൂപ്പ് നേതാവ് മന്ത്രി അനൂപ് ജേക്കബ് രംഗത്തുവന്നു. സീറ്റിന്റെ കാര്യത്തില്‍ യുഡിഎഫ് വിടാന്‍ പാര്‍ട്ടി തീരുമാനിക്കില്ലെന്നും ജോണി നെല്ലൂര്‍ ഔഷധി ചെയര്‍മാന്‍സ്ഥാനം രാജിവച്ചത് തന്നോട് ആലോചിച്ചിട്ടല്ലെന്നും അനൂപ് ജേക്കബ് മാധ്യമങ്ങളോടു പറഞ്ഞു.
സിറ്റിങ് സീറ്റായ പിറവം, അങ്കമാലി, കുട്ടനാട് അല്ലെങ്കില്‍ ഉടുമ്പന്‍ചോല, പുനലൂര്‍ അല്ലെങ്കില്‍ കൊട്ടാരക്കര സീറ്റുകളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. 1996, 2001, 2006 തിരഞ്ഞെടുപ്പുകളില്‍ നാല് സീറ്റിലാണു പാര്‍ട്ടി മല്‍സരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് സീറ്റ് ആവശ്യപ്പെട്ടത്. മൂന്ന് സീറ്റുകളായി ചുരുങ്ങിയത് 2011ലാണ്. അന്ന് സീറ്റ് കുറയാന്‍ ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ സാഹചര്യം ഇന്നില്ല. അതുകൊണ്ടാണ് നാല് സീറ്റ് എന്ന ആവശ്യം വീണ്ടും മുന്നോട്ടുവച്ചത്. ആവശ്യം കോണ്‍ഗ്രസ് പരിഗണിക്കുമെന്നു തന്നെയാണു വിശ്വസിക്കുന്നതെന്നും അനൂപ് ജേക്കബ് പറഞ്ഞു.
രാജിവച്ച വിവരമറിഞ്ഞ് ജോണി നെല്ലൂരുമായി ഫോണില്‍ സംസാരിച്ചിരുന്നു. ചെയര്‍മാന്‍സ്ഥാനത്തു തുടരുന്നതില്‍ താല്‍പര്യമില്ലെന്നും രാജി തീരുമാനം വ്യക്തിപരമാണെന്നുമാണ് അദ്ദേഹം തന്നോടു പറഞ്ഞത്. ആവശ്യപ്പെട്ട സീറ്റുകള്‍ ലഭിച്ചില്ലെന്ന കാരണത്താല്‍ യുഡിഎഫ് വിടേണ്ട സാഹചര്യം നിലവിലില്ല. ജോണി നെല്ലൂര്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സുമായി ചര്‍ച്ച നടത്തിയതായി തനിക്കറിയില്ലെന്നും ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it