ജെസ്‌ന മറിയയെ കാണാതായ സംഭവം; സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്‌

കൊച്ചി: പത്തനംതിട്ടയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ സംസ്ഥാനസര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ഷോണ്‍ ജോര്‍ജാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ജെസ്‌നയെ കണ്ടെത്താന്‍ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഈ മാസം 26ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി പോലിസ് ഇന്നലെ കോടതിയെ അറിയിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. നേരത്തെലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും പോലിസ് അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം 11ലേക്ക് മാറ്റി. എന്തു കൊണ്ടാണ് കുട്ടിയുടെ പിതാവ് ഹരജി നല്‍കാത്തതെന്ന് വാദത്തിനിടെ കോടതി വാക്കാല്‍ ചോദിച്ചു. പത്തനംതിട്ട കൊല്ലമുള കുന്നത്ത് വീട്ടില്‍ ജസ്‌ന മറിയ ജെയിംസിനെ മാര്‍ച്ച് 22നാണ് കാണാതായത്. പിതാവ് ജെയിംസ് ജോസഫിന്റെ പരാതിയില്‍ വെച്ചൂച്ചിറ പോലിസ് കേസെടുത്തിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കോളജ് രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായ ജെസ്‌നയെ സാമൂഹികവിരുദ്ധര്‍ നിയമവിരുദ്ധ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് സംശയിക്കുന്നതായി ഹരജിയില്‍ പറയുന്നു. നിരവധി തവണ നിവേദനം നല്‍കിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പോലിസ് തയ്യാറായിട്ടില്ല. അതിനാല്‍ കോടതി ഇടപെടലുണ്ടാവണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it