ജെസ്‌ന മറിയയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതപ്പെടുത്തുകയല്ലേ വേണ്ടതെന്ന് ഹൈക്കോടതി

കൊച്ചി: പത്തനംതിട്ടയില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്‌ന മറിയ ജെയിംസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയല്ലേ ചെയ്യേണ്ടതെന്ന് ഹൈക്കോടതി. പെണ്‍കുട്ടിയെ ഹാജരാക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ജെസ്‌നയെ ആരെങ്കിലും നിയമവിരുദ്ധ തടങ്കലില്‍ വച്ചതായി ഹരജിക്കാരന്‍ വ്യക്തമായി പറയുന്നില്ല. ആശങ്കയുടെ പേരില്‍ ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഒരു ഉത്തരവിറക്കാനാവില്ല. ഈ സംഭവത്തില്‍ ഹേബിയസ് കോര്‍പസ് ഹരജി ഗുണം ചെയ്യില്ലെന്നാണ് തോന്നുന്നത്.
പ്രശ്‌നപരിഹാരത്തിന് കോടതി വഴി തന്നെ മറ്റു മാര്‍ഗങ്ങളുണ്ട്. വീട്ടുകാരുടെ ദുഃഖം കോടതി പങ്കുവയ്ക്കുകയാണ്. കേസില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയല്ലേ വേണ്ടതെന്ന് ചോദിച്ച കോടതി, ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഇന്ന് വിധിപറയുമെന്നും വ്യക്തമാക്കി. ജെസ്‌നയെ കാണാതായ സംഭവത്തില്‍ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നും ജെസ്‌നയുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും പോലിസ് കോടതിയെ അറിയിച്ചു.
മാര്‍ച്ച് 23നാണ് ജെസ്‌നയെ കാണാനില്ലെന്ന് പിതാവ് പോലിസില്‍ പരാതി നല്‍കിയത്. എരുമേലി പ്രൈവറ്റ് സ്റ്റാന്റിലെയും ടൗണ്‍ മസ്ജിദിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഫലപ്രദമായ വിവരം കിട്ടിയില്ല.  ജെസ്‌നയുടെ മൊബൈല്‍, ഡയറി എന്നിവ വിശദമായി പരിശോധിച്ചു. പരുന്തുംപാറ വനമേഖലയില്‍ തിരച്ചില്‍ നടത്തി. മെയ് മൂന്നിന് പത്തനംതിട്ട ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ബംഗളൂരു, തമിഴ്‌നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെസ്‌നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി. 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി. ജെസ്‌നയുടെ പിതാവിന്റെ നിര്‍മാണക്കമ്പനിയിലെ ഇതരസംസ്ഥാന ജോലിക്കാരെ ചോദ്യം ചെയ്തു. സൈബര്‍ വിങിന്റെ സഹായത്തോടെ ഒരു ലക്ഷം കോളുകള്‍ പരിശോധിച്ചു.
17നും 25നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടാല്‍ അറിയിക്കണമെന്നു കാണിച്ച് തമിഴ്‌നാട്, കര്‍ണാടക പോലിസിന് സന്ദേശം നല്‍കിയിട്ടുണ്ട്. ജെസ്‌നയുടെ കോളജില്‍ ഉള്‍പ്പെടെ 11 സ്ഥലങ്ങളില്‍ വിവരശേഖരണത്തിന് പെട്ടികള്‍ സ്ഥാപിച്ചെന്നും സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.
Next Story

RELATED STORIES

Share it