ജെസ്‌ന കേസില്‍ പോലിസിന് അലംഭാവം: കെഎസ്‌യു

കോഴിക്കോട്: കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയുടെ കാര്യത്തില്‍ കേരളാ പോലിസ് ഒന്നും ചെയ്യുന്നില്ലെന്നും മേലുദ്യോഗസ്ഥരുടെ വീടുപണികളില്‍ കാണിക്കുന്ന താല്‍പര്യം പോലും കേസന്വേഷണ കാര്യത്തില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത്. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെസ്‌നയെ കാണാതായിട്ട് 93 ദിവസം പിന്നിട്ടിട്ടും ഊഹാപോഹങ്ങളില്‍ അഭിരമിക്കുകയാണ് പോലിസ്. ഈ സാഹചര്യത്തിലാണ്് കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് അടുത്തമാസം നാലിനു മുമ്പ് സര്‍ക്കാരിനോടും സിബിഐയോടും റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ജെസ്‌നയെ കാണാതായി എന്ന പരാതി ലഭിച്ച് ഒരാഴ്ച വരെ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. കെഎസ്‌യു സമരരംഗത്തിറങ്ങിയതിനു ശേഷമാണ് അന്വേഷണം തുടങ്ങിയത്. ഇക്കാര്യത്തില്‍ ശക്തമായ സമരപരിപാടികള്‍ക്ക് ഇന്നു ചേരുന്ന സംസ്ഥാന സമിതി യോഗം തീരുമാനിക്കും.
നീറ്റ് പരീക്ഷയുടെ കാര്യത്തിലും അഡ്മിഷന്റെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് അനുകൂലവും വിദ്യാര്‍ഥികള്‍ക്ക് പ്രതികൂലവുമായ സമീപനമാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഫീസ് നിരക്ക് സംബന്ധിച്ച കാര്യത്തില്‍ പോലും വ്യക്തതയില്ലാത്തത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകള്‍ വളരെ കുറവാണ്. ഇതു വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കാംപസുകളില്‍ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം നിയമംമൂലം പുനസ്ഥാപിക്കണം. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ച് ശക്തമായ സമരത്തിന് കെഎസ്‌യു നേതൃത്വം നല്‍കുമെന്നും അഭിജിത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it